മാർക്ക് ദാനം; പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് കെ.ടി ജലീൽ

വിദ്യാർത്ഥികൾക്ക് മോഡറേഷൻ മാർക്ക് അനുവദിക്കാൻ സർവ്വകലാശാല സിൻഡിക്കറ്റുകൾക്ക് അധികാരമുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീൽ. മാർക്ക് കൂട്ടി നൽകുന്നതിൽ എം.ജി സർവകലാശാല സിൻഡിക്കറ്റ് ഇല്ലാത്ത അധികാരം ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം സർവ്വകലാശാലക്കാണ്. അക്കാര്യത്തിൽ ആർക്കും കോടതിയെ സമീപിക്കാം. വിഷയത്തിൽ പ്രതിപക്ഷ നേതാവിനെ വെല്ലു വിളിക്കുകയാണെന്നും വകുപ്പ് തല അന്വേഷണം നടത്തേണ്ട കാര്യമില്ലെന്നും കെ.ടി ജലീൽ അരൂരിൽ പറഞ്ഞു.

ജലീലിനെതിരെ മാർക്ക് ദാന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ രംഗത്തെത്തിയിരുന്നു. കോട്ടയത്ത് എംജി സർവകലാശാലയിൽ ഈ വർഷം ഫെബ്രുവരി നടത്തിയ അദാലത്തിന്റെ മറവിലാണ് മാർക്ക് ദാനം നടന്നിരിക്കുന്നത് എന്നായിരുന്നു ആരോപണം.

Read Also : മാർക്ക് ദാനം: പ്രതിപക്ഷ നേതാവിന്റെ ആരോപണം തള്ളി മന്ത്രി കെടി ജലീൽ

കോതമംഗലത്തെ സ്വാശ്രയ എഞ്ചിനിയറിംഗ് കോളജിലെ ബിടെക് വിദ്യാർത്ഥിനിയെ കോട്ടയത്ത് നടന്ന അദാലത്തിൽ മന്ത്രിയുടെ ഇടപെടലിലൂടെ മേഡറേഷൻ നൽകി വിജയിപ്പിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. സർവകലാശാല ഉദ്യോഗസ്ഥരും ജോയന്റ് രജിസ്ട്രാറും വൈസ് ചാൻസിലറും നിരസിച്ച അപേക്ഷയിന്മേലാണ് മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും ചട്ടങ്ങൾ ലംഘിച്ച് ഇടപെടൽ നടത്തിയിരിക്കുന്നത്. സർവകലാശാലയുടെ അക്കാദമിക് കാര്യങ്ങളിൽ ഇടപെടാൻ മന്ത്രിക്ക് അധികാരമില്ല. മന്ത്രി നടത്തിയത് അധികാര ദുർവിനിയോഗമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം.

സാങ്കേതിക എഞ്ചിനിയറിംഗ് സർവകലാശാലയിലെ വിദ്യാർത്ഥിക്ക് മാർക്ക് കൂട്ടിനൽകാൻ മന്ത്രി ഇടപെട്ടത് നേരത്തെ വിവാദമായിരുന്നു. മാനുഷിക പരിഗണന നൽകിയാണ് ഇടപെട്ടതെന്നായിരുന്നു അന്ന് മന്ത്രിയുടെ വിശദീകരണം.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top