മാർക്ക് ദാനം: പ്രതിപക്ഷ നേതാവിന്റെ ആരോപണം തള്ളി മന്ത്രി കെടി ജലീൽ

വിദ്യാർത്ഥികൾക്ക് മാർക്ക് നൽകാൻ താൻ പറഞ്ഞിട്ടില്ല. ഉണ്ടെങ്കിൽ രമേശ് ചെന്നിത്തല തെളിവ് പുറത്ത് വിടണം.സർവകലാശാലയുടെ നടപടി ചുമതല വൈസ് ചാൻസലർക്കാണ്, മന്ത്രി കെടി ജലീൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
മാർക്ക് തീരുമാനിക്കുന്നത് സർവകലാശാല സിൻഡിക്കേറ്റാണെന്നും അദാലത്തിലൂടെ അല്ല മാർക്ക് തീരുമാനിക്കുന്നതെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് കെടി ജലീൽ പറഞ്ഞു.
ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീലിനെതിരെ വീണ്ടും മാർക്ക് ദാന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. കോട്ടയത്ത് എംജി സർവകലാശാലയിൽ ഈ വർഷം ഫെബ്രുവരി നടത്തിയ അദാലത്തിന്റെ മറവിലാണ് മാർക്ക് ദാനം നടന്നിരിക്കുന്നത്.
കോതമംഗലത്തെ സ്വാശ്രയ എഞ്ചിനിയറിംഗ് കോളജിലെ ബിടെക് വിദ്യാർത്ഥിനിയെ കോട്ടയത്ത് നടന്ന അദാലത്തിൽ മന്ത്രിയുടെ ഇടപെടലിലൂടെ മേഡറേഷൻ നൽകി വിജയിപ്പിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. സർവകലാശാല ഉദ്യോഗസ്ഥരും ജോയന്റ് രജിസ്ട്രാറും വൈസ് ചാൻസിലറും നിരസിച്ച അപേക്ഷയിന്മേലാണ് മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും ചട്ടങ്ങൾ ലംഘിച്ച് ഇടപെടൽ നടത്തിയിരിക്കുന്നത്.
സർവകലാശാലയുടെ അക്കാദമിക് കാര്യങ്ങളിൽ ഇടപെടാൻ മന്ത്രിക്ക് അധികാരമില്ല. മന്ത്രി നടത്തിയത് അധികാരദുർവിനിയോഗമെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചിരുന്നു.
സാങ്കേതിക എഞ്ചിനിയറിംഗ് സർവകലാശാലയിലെ വിദ്യാർത്ഥിക്ക് മാർക്ക് കൂട്ടിനൽകാൻ മന്ത്രി ഇടപെട്ടത് നേരത്തെ വിവാദമായിരുന്നു. മാനുഷിക പരിഗണന നൽകിയാണ് ഇടപെട്ടതെന്നായിരുന്നു അന്ന് മന്ത്രിയുടെ വിശദീകരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here