തൃശൂരിൽ നിന്നു കാണാതായ പെട്രോൾ പമ്പുടമയുടെ മരണം കൊലപാതകം തന്നെയെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്

തൃശൂർ കയ്പമംഗലത്ത് നിന്നും കാണാതായ പെട്രോൾ പമ്പ് ഉടമയുടെ മരണം കൊലപാതകം തന്നെയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. വഴിയമ്പലത്തെ മൂന്നുപീടിക ഫ്യുവൽസ് ഉടമ കോഴിപറമ്പിൽ മനോഹരനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നും ബലപ്രയോഗം നടന്നതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. മനോഹരന്റെ കാർ മലപ്പുറം അങ്ങാടിപ്പുറത്തു നിന്നു അന്വേഷണ സംഘം കണ്ടെത്തി.
ഗുരുവായൂരിനടുത്ത് വഴിയരികിൽ മരിച്ച നിലയിലാണ് കയ്പമംഗലം സ്വദേശി കോഴി പറമ്പിൽ മനോഹരന്റെ മൃതദേഹം കണ്ടെത്തിയത്. വൈകുന്നേരം നടന്ന
പോസ്റ്റ്‌മോർട്ടത്തിൽ മനോഹരനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. വാഹനത്തിൽ വെച്ച് ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങൾ ഉണ്ട്. ശരീരത്തിൽ മുറിപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്.
ഇന്ന് രാവിലെ ആറ് മണിയോടെയാണ് മമ്മിയൂർ പെട്രോൾ പമ്പിന് സമീപം മനോഹരന്റെ മൃതദേഹം കണ്ടെത്തിയത്. കൈകൾ രണ്ടും പുറകിൽ കൂട്ടി കെട്ടിയ നിലയിലായിരുന്നു മൃതദേഹം. രാത്രി പമ്പിൽ നിന്ന് മനോഹരൻ സ്വന്തം കാറിൽ കയറിപ്പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. മനോഹരന്റെ കാർ മലപ്പുറം അങ്ങാടിപ്പുറത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായാണ് പൊലീസ് നൽകുന്ന വിവരം. ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വര്ഗീസിനാണ് അന്വേഷണ ചുമതല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here