Advertisement

അയോധ്യാ ഭൂമി തർക്കക്കേസ്; സുപ്രിംകോടതി വിധി പറയാൻ മാറ്റി

October 16, 2019
0 minutes Read

നാടകീയ രംഗങ്ങൾക്കും സമവായ നീക്കങ്ങൾക്കുമിടെ അയോധ്യാ ഭൂമി തർക്കക്കേസ് സുപ്രിംകോടതി വിധി പറയാൻ മാറ്റി. കക്ഷികൾക്ക് കൂടുതൽ കാര്യങ്ങൾ അറിയിക്കാനുണ്ടെങ്കിൽ മൂന്ന് ദിവസത്തിനുള്ളിൽ രേഖാമൂലം സമർപ്പിക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് വ്യക്തമാക്കി. രാവിലെ ഹിന്ദു മഹാസഭ കൈമാറിയ രേഖകൾ സുന്നി വഖഫ് ബോർഡിന്റെ അഭിഭാഷകൻ രാജീവ് ധവാൻ വലിച്ചുകീറിയത് ബഹളത്തിനിടയാക്കിയിരുന്നു. ഇതിനിടെ, കേസിൽ നിന്ന് പിന്മാറുകയാണെന്ന് കാണിച്ച് ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡ് അധ്യക്ഷൻ സുഫർ അഹമ്മദ് ഫാറൂഖി അപേക്ഷ നൽകി.

ഓഗസ്റ്റിന് ആറിന് ആരംഭിച്ച അന്തിമവാദം നാൽപതാം ദിവസമാണ് അവസാനിച്ചത്. ഹിന്ദു മഹാസഭ, ഹിന്ദു സംഘടനകൾ, സുന്നി വഖഫ് ബോർഡ് തുടങ്ങി എല്ലാ പ്രധാന കക്ഷികളും അവസാന ദിവസത്തിൽ മൂർച്ചയേറിയ വാദമുഖങ്ങൾ അവതരിപ്പിച്ചു. ഹിന്ദു മഹാസഭ കൈമാറിയ രേഖകൾ സുന്നി വഖഫ് ബോർഡിന്റെ അഭിഭാഷകൻ രാജീവ് ധവാൻ കോടതിക്കുള്ളിൽ വലിച്ചുകീറി. ഇതിൽ ക്ഷുഭിതനായ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ്, കാര്യങ്ങൾ ഇങ്ങനെ പോകുകയാണെങ്കിൽ സിറ്റിങ് നിർത്തിവയ്ക്കുമെന്ന് മുന്നറിയിപ്പ് നൽകി. വാദം കേൾക്കുന്നതിന് പകരം രേഖകൾ പരിശോധിച്ചു. തീരുമാനമെടുക്കാവുന്നതേയുള്ളുവെന്ന് കടുത്ത നിലപാട് എടുത്തതോടെ രംഗം ശാന്തമായി.

രാവിലെ കേസിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിക്കാനുള്ള സുന്നി വഖഫ് ബോർഡ് ചെയർമാന്റെ ശ്രമം, ഇടക്കാല അപേക്ഷകൾ പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് കടുത്ത ഭാഷയിൽ പറഞ്ഞു. ഇതിനിടെയാണ് ജസ്റ്റിസ് എഫ്എം ഇബ്രാഹിം ഖലീഫുല്ല അധ്യക്ഷനായ മധ്യസ്ഥസമിതി സുപ്രീംകോടതിക്ക് റിപ്പോർട്ട് കൈമാറിയത്. സുന്നി വഖഫ് ബോർഡ്, നിർമോഹി അഖാഡ തുടങ്ങി കക്ഷികളുമായി നടത്തിയ ചർച്ചയിൽ സമവായ ഫോർമുല ഉരുത്തിരിഞ്ഞെന്നാണ് സൂചന. അന്തിമവാദം പൂർത്തിയായതോടെ, ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് വിരമിക്കുന്ന നവംബർ പതിനേഴിന് മുൻപ് വിധി വരുമെന്ന് ഉറപ്പായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top