മാർക്ക് ദാന വിവാദം; കെഎസ് യു നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം

മാർക്ക് ദാന വിവാദത്തിൽ മന്ത്രി കെ ടി ജലീലിൻറെ രാജിയുൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് കെ എസ് യു നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം. ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. പൊലീസും പ്രവർത്തകരും തമ്മിൽ കൈയ്യാങ്കളിയും ഉണ്ടായി. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് പലതവണ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് നേതാക്കളെ ഉൾപ്പെടെ അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു. എൻ എസ് യു ദേശീയാധ്യക്ഷൻ, സെക്രട്ടറി എന്നിവരെയും അറസ്റ്റ് ചെയ്തു.
കോട്ടയത്ത് എംജി സർവകലാശാലയിൽ ഈ വർഷം ഫെബ്രുവരി നടത്തിയ അദാലത്തിന്റെ മറവിൽ മാർക്ക് ദാനം നടന്നുവെന്നാണ് കെടി ജലീലിനെതിരായുണ്ടായ ആരോപണം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ആരോപണവുമായി രംഗത്തെത്തിയത്. കോതമംഗലത്തെ സ്വാശ്രയ എഞ്ചിനിയറിംഗ് കോളജിലെ ബിടെക് വിദ്യാർത്ഥിനിയെ കോട്ടയത്ത് നടന്ന അദാലത്തിൽ മന്ത്രിയുടെ ഇടപെടലിലൂടെ മേഡറേഷൻ നൽകി വിജയിപ്പിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. സർവകലാശാല ഉദ്യോഗസ്ഥരും ജോയന്റ് രജിസ്ട്രാറും വൈസ് ചാൻസിലറും നിരസിച്ച അപേക്ഷയിന്മേലാണ് മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും ചട്ടങ്ങൾ ലംഘിച്ച് ഇടപെടൽ നടത്തിയിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.
സർവകലാശാലയുടെ അക്കാദമിക് കാര്യങ്ങളിൽ ഇടപെടാൻ മന്ത്രിക്ക് അധികാരമില്ല. മന്ത്രി നടത്തിയത് അധികാരദുർവിനിയോഗമെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചിരുന്നു.വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും മന്ത്രി രാജി വെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here