നടൻ ഷെയ്ൻ നിഗമിന് വധഭീഷണി

യുവ നടൻ ഷെയ്ൻ നിഗമിന് വധഭീഷണി. സിനിമ നിർമാതാവ് ജോബി ജോർജ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഷെയ്ൻ നിഗം തന്നെയാണ് രംഗത്തെത്തിയത്. ഷെയ്ൻ നായകനാകുന്ന പുതിയ ചിത്രം വെയിലിന്റെ നിർമാതാവാണ് ജോബി ജോർജ്. ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂൾ കഴിഞ്ഞതിന് ശേഷമാണ് വധഭീഷണി മുഴക്കിയതെന്നാണ് ഷെയ്ൻ പറയുന്നത്.
ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂൾ ഇരുപത് ദിവസമാണ് നിശ്ചയിച്ചിരുന്നത്. ഇത് പതിനാറ് ദിവസത്തിൽ പൂർത്തീകരിച്ച് ഷെയ്ൻ കുർബാനി എന്ന സിനിമയുടെ സെറ്റിലേക്ക് പോയി. രണ്ട് ചിത്രങ്ങളിലുമായി മൂന്ന് ഗെറ്റപ്പിലാണ് ഷെയ്ൻ വരുന്നത്. വെയിലിൽ മുന്നിലെ മുടി നീട്ടിയ ഗെറ്റപ്പിലാണ് ഷെയ്ൻ എത്തുന്നത്. കുർബാനിക്ക് മറ്റൊരു ഗെറ്റപ്പ് ആവശ്യമായതിനാൽ പിന്നിലെ മുടി അൽപം മുറിച്ചു. ഇതിന്റെ പേരിലാണ് ജോബി ജോർജ് വധഭീഷണി മുഴക്കിയതെന്ന് ഷെയ്ൻ ഇൻസ്റ്റഗ്രാമിൽ ലൈവിലെത്തി പറഞ്ഞു. സുഹൃത്തുക്കൾ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ തനിക്കുണ്ടായ അനുഭവം പുറംലോകമറിയണമെന്ന് ഷെയ്ൻ പറയുന്നു.
അബീക്കയുടെ മകനായി ജനിച്ചതിന്റെ പേരിൽ മാത്രം അനുഭവിക്കുന്നതാണിതെന്നും ഷെയ്ൻ പറഞ്ഞു. തനിക്ക് മടുത്തെന്നും ഷെയ്ൻ പറയുന്നുണ്ട്. സംഭവത്തിൽ ഷെയ്ൻ താരസംഘടനയായ അമ്മക്ക് പരാതി നൽകിയതായാണ് വിവരം. വധഭീഷണിക്കെതിരെ പൊലീസിനെ സമീപിച്ച് നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് ഷെയ്‌നിന്റെ തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here