കശ്മീരിൽ വീരമൃത്യു വരിച്ച മലയാളി ജവാൻ അഭിജിത്തിന് ജന്മനാടിന്റെ യാത്രാമൊഴി

കശ്മീരിൽ വീരമൃത്യു വരിച്ച മലയാളി ജവാൻ കൊട്ടാരക്കര ഇടയം സ്വദേശി അഭിജിത്തിന് ജന്മനാടിന്റെ വികാരനിർഭരമായ യാത്രാമൊഴി. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു സംസ്‌കാരചടങ്ങുകൾ.
ജമ്മു കശ്മീരിലെ ബെറാമുള്ളയിൽ കുഴിബോംബ് പൊട്ടി വീരമൃത്യു വരിച്ച ജവാൻ കൊല്ലം അഞ്ചൽ ആലുംമൂട്ടിൽ കിഴക്കതിൽ വീട്ടിൽ അഭിജിത്തിന് ഇടയത്തെ വീട്ടിലാണ് അന്ത്യവിശ്രമമൊരുക്കിയത്. പാങ്ങോട് മിലിട്ടറി ആശുപത്രിയിൽ നിന്ന് രാവിലെ വിലാപയാത്രയായാണ് ഭൗതികശരീരം ജന്മനാട്ടിലെത്തിച്ചത്. കരസേനയിലെ മുതിർന്ന ഉദ്യോഗസ്ഥർ അടക്കം ഒട്ടേറെപേർ അനുഗമിച്ചിരുന്നു. ജില്ലാ ഭരണകൂടത്തിനുവേണ്ടി ആർഡിഒ ഭൗതിക ശരീരം ആയൂരിൽ ഏറ്റുവാങ്ങി ബന്ധുക്കൾക്കു കൈമാറി. ഇടയം ഗവൺമെന്റ് എൽപി സ്‌കൂൾ, ശ്രീ നാരായണ ഹാൾ എന്നിവിടങ്ങളിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാൻ ആയിരങ്ങൾ ഒഴുകിയെത്തി.
ഉച്ചക്ക് ഒരുമണിയോടെ അഭിജിത്തിന്റെ ഭൗതികശരീരം വീട്ടുവളപ്പിലേക്ക് കൊണ്ടുവന്നു. മതാചാര പ്രകാരമുള്ള ചടങ്ങുകൾക്കു ശേഷം ഔദ്യോഗിക ബഹുമതിയോടെ സംസ്‌കാരം. കേരള പൊലീസും കരസേനയും അവസാന സല്യൂട്ട് നൽകി. ധീര ജവാന് യാത്രാമൊഴി ചൊല്ലിയപ്പോൾ നാട് ഒന്നടങ്കം കണ്ണീരണിഞ്ഞു. ഭൗതിക ശരീരത്തിലെ ദേശീയ പതാക മാതാവ് ശ്രീകല ഏറ്റുവാങ്ങി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here