Advertisement

‘ചർച്ചകൾ തീവ്രമാകാതിരിക്കാൻ ശ്രദ്ധിക്കണം’; അയോധ്യാ കേസിൽ മാധ്യമങ്ങൾക്ക് മാർഗനിർദേശം

October 16, 2019
0 minutes Read

അയോധ്യാ കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്ക് മാർഗനിർദേശം. കേന്ദ്ര വാർത്താപ്രഷേപണ അതോറിറ്റിയാണ് മാർഗനിർദേശം പുറപ്പെടുവിച്ചത്. കോടതി നടപടികൾ മുൻനിർത്തി ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് മാർഗ നിർദേശത്തിൽ പറയുന്നു. ചർച്ചകൾ തീവ്രമാകാതിരിക്കാൻ ശ്രദ്ധിക്കണം. ബാബറി മസ്ജിദ് തകർക്കുന്ന ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യരുതെന്നും മാർഗ നിർദേശത്തിൽ വ്യക്തമാക്കുന്നു. അയോധ്യാ ഭൂമി തർക്കക്കേസ് ഇന്ന് സുപ്രിംകോടതിയുടെ പരിഗണനയ്‌ക്കെത്തിയിരുന്നു. കേസ് വിധി പറയാൻ മാറ്റിയതിന് പിന്നാലെയാണ് മാധ്യമങ്ങൾക്ക് മാർഗനിർദേശവുമായി കേന്ദ്ര വാർത്താപ്രഷേപണ അതോറിറ്റി രംഗത്തെത്തിയത്.

കേസിൽ വാദം പുരോഗമിക്കുന്നതിനിടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ഹിന്ദു മഹാസഭ കൈമാറിയ രേഖകൾ സുന്നി വഖഫ് ബോർഡിന്റെ അഭിഭാഷകൻ രാജീവ് ധവാൻ വലിച്ചുകീറിയത് ബഹളത്തിനിടയാക്കിയിരുന്നു. ഇതിൽ ക്ഷുഭിതനായ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ്, കാര്യങ്ങൾ ഇങ്ങനെ പോകുകയാണെങ്കിൽ സിറ്റിങ് നിർത്തിവയ്ക്കുമെന്ന് മുന്നറിയിപ്പ് നൽകി. വാദം കേൾക്കുന്നതിന് പകരം രേഖകൾ പരിശോധിച്ച് തീരുമാനമെടുക്കാവുന്നതേയുള്ളുവെന്ന് കടുത്ത നിലപാട് എടുത്തതോടെ രംഗം ശാന്തമായി. ഇതിനിടെ, കേസിൽ നിന്ന് പിന്മാറുകയാണെന്ന് കാണിച്ച് ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡ് അധ്യക്ഷൻ സുഫർ അഹമ്മദ് ഫാറൂഖി അപേക്ഷ നൽകി.

ആഗസ്റ്റിന് ആറിന് ആരംഭിച്ച അന്തിമവാദം നാൽപതാം ദിവസമാണ് അവസാനിച്ചത്. ഹിന്ദു മഹാസഭ, ഹിന്ദു സംഘടനകൾ, സുന്നി വഖഫ് ബോർഡ് തുടങ്ങി എല്ലാ പ്രധാന കക്ഷികളും അവസാന ദിവസത്തിൽ മൂർച്ചയേറിയ വാദമുഖങ്ങൾ അവതരിപ്പിച്ചു. അന്തിമവാദം പൂർത്തിയായതോടെ, ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് വിരമിക്കുന്ന നവംബർ പതിനേഴിന് മുൻപ് വിധി പുറപ്പെടുവിക്കുമെന്നാണ് സൂചന.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top