സംസ്ഥാനത്തെ എല്ലാ അഴിമതി കേസുകളും കസ്റ്റഡി മരണങ്ങളും സിബിഐ അന്വേഷിക്കില്ല

സംസ്ഥാനത്തെ എല്ലാ അഴിമതി കേസുകളും കസ്റ്റഡി മരണങ്ങളും സിബിഐ അന്വേഷിക്കണമെന്ന കേരള സർക്കാരിന്റെ തീരുമാനത്തിന് തിരിച്ചടി. ഇത്രയും കേസുകളുടെ അന്വേഷണം ഒരുമിച്ച് എറ്റെടുക്കാനാവില്ലെന്ന് സിബിഐ വ്യക്തമാക്കി. ഇത് സംബന്ധിച്ച അറിയിപ്പ് പേഴ്‌സണൽ മന്ത്രാലത്തിനു നൽകി. ഒരോ കേസും സിബിഐ ഏറ്റെടുക്കെണ്ടതിന്റെ ആവശ്യകത പ്രത്യേകം ബോധ്യപ്പെടുത്താൻ കേരള പൊലീസിനോട് സിബിഐ നിർദേശിച്ചിട്ടുണ്ട്.
നിലവിലുള്ള സാഹചര്യത്തിൽ സിബിഐയുടെ അന്വേഷണ രീതി പുനപരിശോധിക്കാൻ ഏതാനും ആഴ്ചകൾക്ക് മുൻപ് പേഴ്‌സണൽ മന്ത്രാലയം തീരുമാനിച്ചിരുന്നു. സിബിഐയുടെ ആവശ്യപ്രകാരം ആയിരുന്നു ഈ നടപടി. ഇതനുസരിച്ച് സംസ്ഥാന സർക്കാരുടെ രഷ്ട്രീയ താത്പര്യങ്ങൾക്ക് ഒറ്റമൂലി എന്ന രീതിയിൽ നിർദേശിക്കുന്ന അന്വേഷണം ഏറ്റെടുക്കാൻ കഴിയില്ല എന്നാണ് തീരുമാനം. നിലവിൽ ഡൽഹി സ്‌പെഷ്യൽ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് സെക്ഷൻ-6 പ്രകാരം സംസ്ഥാനങ്ങൾക്ക് പ്രധാനപ്പെട്ട ഏത് കേസിന്റെയും അന്വേഷണം സിബിഐക്ക് കൈമാറി വിജ്ഞാപനമിറക്കാം. കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന് വിജ്ഞാപനം രേഖമൂലം എത്തിച്ച് നൽകിയാൽ മതി.
എന്നാൽ ഇനി മുതൽ അത് സാധ്യമല്ല. പകരം സംസ്ഥാന സർക്കാരുകൾ സിബിഐ അന്വേഷണത്തിന് നിർദേശിക്കുന്ന കേസുകളുടെ പ്രത്യേകതയും കേന്ദ്ര ഏജൻസിയെ ബോധ്യപ്പെടുത്തണം. ഇടുക്കിയിലെ രാജ്കുമാറിന്റെ കസ്റ്റഡി മരണം എറ്റെടുക്കാനുള്ള വിജ്ഞാപനം കേരളത്തിൽ നിന്ന് കഴിഞ്ഞ ദിവസം സിബിഐക്ക് ലഭിച്ചു. ഈ സാഹചര്യത്തിലാണ് പ്രസ്തുത വിജ്ഞാപനം മടക്കി സിബിഐ നിലപാട് വ്യക്തമാക്കിയത്.
സംസ്ഥാനം നിർദേശിക്കുന്ന കേസുകൾ ഇനിമുതൽ സിബിഐ ഏറ്റെടുക്കണമെങ്കിൽ ആവശ്യത്തിന്റെ പ്രാധാന്യവും കേസിലെ സങ്കീർണ്ണതയും സിബിഐയെ ബോധ്യപ്പെടുത്തണം. ഇതുപ്രകാരം കേരളത്തിലെ എല്ലാ കസ്റ്റഡി മരണങ്ങളും എല്ലാ അഴിമതി കേസുകളും സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനവും കേന്ദ്ര ഏജൻസി അംഗികരിക്കില്ലെന്ന് ഉന്നതനായ സിബിഐ ഉദ്യോഗസ്ഥൻ ട്വന്റി ഫോറിനോട് പറഞ്ഞു. ഇക്കാര്യം ഇതിനകം തന്നെ സിബിഐ പേഴ്‌സണൽ മന്ത്രാലയത്തെ അറിയിച്ചിട്ടുള്ളതായും അദ്ദേഹം വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here