കളിത്തോക്ക് ഉപയോഗിച്ച് ഭീഷണിപ്പെടുത്തി; വഴങ്ങാതെ വന്നപ്പോൾ ശ്വാസം മുട്ടിച്ച് കൊന്നു; തൃശൂരിലെ പമ്പുടമയുടെ കൊലപാതകം ആസൂത്രിതം

തൃശൂരിൽ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയ പെട്രോൾ പമ്പുടമ മനോഹരന്റേത് ആസൂത്രിത കൊലപാതകമെന്ന് പൊലീസ്. പണം തട്ടിയെടുക്കാനാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിലെ മുഖ്യ ആസൂത്രകൻ അറസ്റ്റിലായ അനസാണ്. മനോഹരനെ പ്രതികൾ നിരീക്ഷിച്ചിരുന്നതായും ഡിഐജി മാധ്യമങ്ങളോട് പറഞ്ഞു.
അറസ്റ്റിലായ മൂന്ന് പ്രതികളും സമപ്രായക്കാരാണ്. അൻസാറും അനസും പരിചയക്കാരാണ്. സിയോൺ അതിലേക്ക് വന്നുപെട്ട ആളാണ്. സാമ്പത്തിക ലാഭം ലക്ഷ്യംവച്ചാണ് ഇത്തരത്തിലുള്ള കൃത്യത്തിലേക്ക് പ്രതികൾ എത്തിച്ചേർന്നത്. പെട്രോൾ പമ്പിൽ നിന്ന് ഇറങ്ങുമ്പോൾ മനോഹരന്റെ കൈയിൽ പണമുണ്ടാകുമെന്ന് പ്രതികൾക്ക് ധാരണയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്തത്.
Read also: പെട്രോൾ പമ്പ് ഉടമയെ കൊലപ്പെടുത്തിയ കേസിൽ മൂന്നു പേർ അറസ്റ്റിൽ
മനോഹരന്റെ കാറിന് പിന്നിൽ മനപൂർവ്വം ബൈക്ക് ഇടിച്ച് പ്രതികൾ ഒരു രംഗം സൃഷ്ടിച്ചു. പ്രതികളിലൊരാൾ വീണതായി അഭിനയിച്ചു. സംഭവം എന്താണെന്ന് അറിയാൻ പുറത്തിറങ്ങിയ മനോഹരനെ കീഴ്‌പ്പെടുത്തി പ്രതികൾ വാഹനത്തിനുള്ളിൽ കയറ്റി ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചു. തുടർന്ന് കാറിൽ പണമുണ്ടോ എന്ന് പരിശോധിച്ചു. പണം കണ്ടെത്താൻ സാധിക്കാതെ വന്നതോടെ കൈയിൽ കരുതിയിരുന്ന കളിത്തോക്ക് ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം എവിടെയാണെന്ന് പറയാൻ ആവശ്യപ്പെട്ടു. മനോഹരൻ പറയില്ലെന്ന് കണ്ടതോടെ പ്രതികൾ ചേർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here