‘നിമിഷ പ്രിയയ്ക്കായി കൂട്ടായ പരിശ്രമം; തിരിച്ചു വരുമെന്നാണ് വിശ്വാസം’, ചാണ്ടി ഉമ്മൻ

യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയ തിരിച്ചു വരുമെന്നാണ് വിശ്വാസമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. കൂട്ടായ പരിശ്രമം ആണ് വിജയം കാണുന്നത്. ഗവർണർ ഉൾപ്പെടെ എല്ലാവരും നിമിഷ പ്രിയയുടെ മോചനത്തിനായി ശ്രമിക്കുന്നുണ്ട്. ഉമ്മൻചാണ്ടിയുടെ ആഗ്രഹമാണ് സഫലമാകുന്നതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.
നിമിഷ പ്രിയയുടെ വധശിക്ഷാ വിധി നടപ്പാവാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ കാന്തപുരം മുസ്ലിയാർ ഇടപെട്ടതും വലിയ പങ്കുവഹിക്കുന്നുണ്ട്. സാജൻ ലത്തീഫ് എന്ന വ്യവസായിയും ഇടപെടൽ നടത്തി. നിമിഷ പ്രിയയുടെ മോചനത്തിനായി ദീപ ജോസഫ്, സുഭാഷ് ചന്ദ്രൻ തുടങ്ങിയവർ വർഷങ്ങളായി പരിശ്രമിക്കുകയാണ്. എല്ലാവരോടും നന്ദിയുണ്ടെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.
വധശിക്ഷ റദ്ദാക്കാനുള്ള ശ്രമം അടുത്തഘട്ടത്തിലേക്ക് കടക്കണം. കൊല്ലപ്പെട്ട ആളുടെ കുടുംബവുമായി അടിയന്തരമായി ചർച്ച നടത്തേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾ ഇപ്പോൾ പറയുന്നില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
അതേസമയം, നിമിഷ പ്രിയയുടെ വിഷയത്തില്‍ ഇടപെട്ടത് മനുഷ്യന്‍ എന്ന നിലയില്‍ എന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. നിമിഷ പ്രിയയെ യെമന്‍ കോടതി വധശിക്ഷയ്ക്ക് വിധിക്കുകയും ആ വിധി വാര്‍ത്തകളില്‍ വരികയും ചെയ്തു. ഇസ്ലാം മതത്തില്‍ തന്നെ മറ്റൊരു നിയമമുണ്ട്. കൊലകുറ്റം ചെയ്തവര്‍ക്ക് പ്രായശ്ചിത്വം നല്‍കാന്‍ കുടുംബങ്ങള്‍ക്ക് അധികാരമുണ്ട്. ആ കുടുംബങ്ങള്‍ ആരാണെന്നോ അവരുടെ അവസ്ഥ എന്താണെന്നോ അറിയാത്ത ഞാന്‍ വളരെ ദൂരെയുള്ള ഈ സ്ഥലത്ത് നിന്ന് യെമനിലെ ഉത്തരവാദിത്തപ്പെട്ട പണ്ഡിതന്‍മാരെ ബന്ധപ്പെടുകയും അവരോട് ഈ കാര്യങ്ങള്‍ മനസിലാക്കിക്കൊടുക്കുകയും ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.
Story Highlights : Chandy Oommen MLA believes that Nimisha Priya will return soon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here