Advertisement

സെക്രട്ടേറിയറ്റിൽ പരിഷ്‌കാര നടപടികൾ തുടർന്നാൽ മുട്ടുകാല് തല്ലിയൊടിക്കുമെന്ന് ഭീഷണി

October 17, 2019
Google News 0 minutes Read

സെക്രട്ടേറിയറ്റിൽ പരിഷ്‌കാര നടപടികൾ തുടർന്നാൽ മുട്ടുകാൽ തല്ലിയൊടിക്കുമെന്ന് ഭീഷണി. ഭരണകക്ഷി അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനാണ് ഭീഷണി മുഴക്കി നോട്ടീസ് ഇറക്കിയത്. സംഭവം വിവാദമായിരിക്കുകയാണ്.

കെഎഎസ് നടപ്പാക്കാനും പഞ്ചിംഗ് കർശനമാക്കാനും ഇഫയൽ നിലവിൽ വന്നശേഷം ജോലിയില്ലാതായ തസ്തികകൾ പുനർവിന്യസിക്കാനും പൊതുഭരണ സെക്രട്ടറി ബിശ്വനാഥ് സിൻഹയെ സഹായിക്കുന്ന ഉദ്യോഗസ്ഥർക്കാണ് ഭീഷണി. മുഖ്യമന്ത്രിയുടെ നിർദേശമനുസരിച്ചാണ് പൊതുഭരണവകുപ്പ് സെക്രട്ടറിയും അസോസിയേഷൻ ഭാരവാഹികളും അടങ്ങിയ കമ്മിറ്റിയും ചേർന്ന് പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നത്. ഇതിനെതിരെയാണ് ഭീഷണി ഉയർത്തിയിരിക്കുന്നത്. തുഗ്ലക് പരിഷ്‌കാരങ്ങളാണ് കൊണ്ടുവന്നിരിക്കുന്നതെന്നാണ് ആക്ഷേപം. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ എൻ അശോക് കുമാറിന്റെ പേരിലാണ് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. ഇതിനെതിരെ സംഘടനയിലെ ഒരു വിഭാഗം ഭാരവാഹികൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

സംഘടനാ നേതാക്കളുടെ പ്രസക്തി കുറയ്ക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പരിഷ്‌കാര നടപടികളെ അസോസിയേഷനിലെ ചിലർ എതിർക്കുന്നത്. പഞ്ചിംഗ് ഉൾപ്പെടെ കർശനമാക്കിയതോടെ കഴിഞ്ഞ മാസം ഹാജരാകാത്തതും വൈകിയെത്തിയതുമായ ജീവനക്കാരുടെ ശമ്പളം കുറച്ചിരുന്നു. ഇതും പ്രകോപനത്തിന് കാരണമായി.

അതേസമയം, നോട്ടീസിനെതിരെ പാർട്ടി നേതൃത്വത്തിന് പരാതി ലഭിച്ചിട്ടുണ്ട്. വിശദമായ പരിശോധനകൾക്ക് ശേഷം നടപടിയുണ്ടാകും. ഇത് രണ്ടാം തവണയാണ് സർക്കാരിനെ പരോക്ഷമായി വിമർശിച്ച് ഭരണകക്ഷി അനുകൂല സംഘടന രംഗത്തെത്തിയിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here