ജീവൻ രക്ഷിക്കാൻ രാഷ്ട്രീയം മറന്ന് മുന്നിട്ടിറങ്ങിയ എതിർകക്ഷി നേതാവിനെ മുക്തകണ്ഠം പ്രശംസിച്ച് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ

വാഹനപകടക്കേസിൽ പരുക്കേറ്റ ഫോർട്ട് കൊച്ചി സ്വദേശികളായ യുവാക്കളെ ആശുപത്രിയിൽ എത്തിക്കാൻ സഹായിച്ച സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ സേവനസന്നദ്ധത സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരിക്കുകയാണ് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. എൽഡിഎഫുകാരും യുഡിഎഫുകാരും രാഷ്ട്രീയത്തിൽ രണ്ട് ചേരിയിൽ ആണെങ്കിലും പൊതുപ്രവർത്തനത്തിന്റെ കാര്യത്തിൽ ഒറ്റക്കെട്ടാണ് എന്ന് തെളിയിക്കുന്നതാണ് കുഴൽനാടന്റെ ഫേസ്ബുക്ക് പോസ്റ്റ്.
‘എല്ലാരാഷ്ട്രീയക്കാരേയുംപുച്ഛമുള്ളവർഇത്വായിക്കണം’ എന്ന ഹാഷ് ടാഗോട് കൂടിയാണ് മാത്യു കുഴൽനാടന്റെ എഴുത്ത്. പോസ്റ്റിന് സോഷ്യൽ മീഡിയയിൽ വളരെയധികം പ്രീതി ലഭിച്ച് കഴിഞ്ഞു. 5000ൽ അധികം ലൈക്കുകളും 1000ൽ അധികം ഷെയറുകളും ഉണ്ട് ഇപ്പോൾ തന്നെ പോസ്റ്റിന്.
പോസ്റ്റിന്റെ പൂർണരൂപം,
ഇന്നലെ രാത്രി ഉദ്ദേശം 11.00 മണിക്ക് അരൂർ മണ്ഡലത്തിലെ പ്രചരണ പരിപാടികൾക്ക് ശേഷം തിരഞ്ഞെടുപ്പ് കമ്മറ്റി ആഫീസിൽ നിന്നും മടങ്ങി. ഞാനും ഡ്രൈവറും മാത്രമാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. ഏകദേശം നാല് കിലോമീറ്റർ പിന്നിട്ടപ്പോൾ ഹൈവേയിൽ ഒരാൾക്കൂട്ടവും നിലവിളിയും. നോക്കിയപ്പോൾ ആക്‌സിഡന്റാണ് ഒരു സിഫ്റ്റ് കാർ ഇടിച്ച് തകർന്ന് കിടക്കുന്നു. അകത്ത് ഉള്ള ഒരാളെ പുറത്ത് എടുക്കാൻ കഴിയാതെ പ്രയാസപ്പെടുകയാണ്.
പല അഭിപ്രായങ്ങളാണ് വരുന്നത്. പോലീസ് വരട്ടെ , ആംബുലൻസ് വിളിക്ക് ഇടയ്ക്ക് കണ്ണിൽ ചോരയില്ലാതെ ഒരാൾ പറയുന്നു ‘ആള് തീർന്നു.. ഇതിനിടെ വളരെ പ്രയാസപ്പെട്ട് ആ ചെറുപ്പക്കാരനെ പുറത്ത് എടുത്തു. ഇതിനിടയിൽ ഹൈവേയിലൂടെ നിരവധി വാഹനങ്ങൾ വന്ന് നിർത്തി കാഴ്ച കണ്ടിട്ട് ഓടിച്ച് പോയി. പുറത്ത് എടുത്ത ആദ്യത്തെ ആളെ ആശുപത്രിയിൽ എത്തിക്കാർ പലരോടും അഭ്യർത്ഥിച്ചെങ്കിലും ആരും തയ്യാറായില്ല.
പ്രയാസപ്പെട്ട് രണ്ട് പേരേയും വണ്ടിയിൽ കയറ്റി. ഒരാളുടെ നില ഗുരുതരം, തല പൊട്ടി ചോര ഒലിക്കുന്നു, അബോധാവസ്ഥയിലാണ്. ഉച്ചത്തിൽ പ്രയാസപ്പെട്ട് ശ്വാസോച്ഛാസം ചെയ്യുന്നു. ചോര ശ്വാസകോശത്തിൽ പോയാലുള്ള അപകടം അറിയാവുന്നത് കൊണ്ട്, തല ഉയർത്തി പിടിക്കാൻ ആരെങ്കിലും വണ്ടിയിൽ കയറാൻ അഭ്യർത്ഥിച്ചു. ആരുമില്ലാ.. എല്ലാവരും കാഴ്ചക്കാരാണ്..
ഒടുവിൽ കൈലിമുണ്ട് ഉടുത്ത ഒരു ചേട്ടൻ മുന്നോട്ട് വന്ന് ഞാൻ വരാം എന്ന് പറഞ്ഞ് കയറി. ഈ രണ്ട് ചെറുപ്പക്കാരുമായി ആവുന്ന വേഗത്തിൽ ലേക്ക് ഷോർ ഹോസ്പിറ്റലിലേക്ക് കുതിച്ചു. ഞങ്ങൾ പരസ്പരം അധികം സംസാരിച്ചില്ലാ. ഫോർട്ട് കൊച്ചിയിൽ നിന്നുള്ളവരാണ് അപകടത്തിൽ പെട്ടവർ എന്ന് മാത്രം മനസ്സിലാക്കി.
ക്യാഷ്യാലിറ്റിയിൽ എത്തിച്ച് ഡോക്ടറെ ഏൽപ്പിച്ച് വിവരങ്ങൾ കൈമാറി. ഞങ്ങൾ പുറത്തിറങ്ങി. അപ്പോഴും ഒരു മരവിപ്പ് വിട്ട് മാറിയിരുന്നില്ലാ. പിരിയാനായി ഞങ്ങൾ പരസ്പരം ഹസ്തദാനം ചെയ്തു. അപ്പോൾ ആ ചേട്ടൻ ചോദിച്ചു.. ‘സാറിനെ എവിടെയോ കണ്ടിട്ടുണ്ടല്ലോ.. ‘
ഞാൻ സ്വയം പരിചയപ്പെടുത്തി
‘ ഞാൻ മാത്യു കുഴൽ നാടൻ, ഷാനിമോൾ ഉസ്മാന്റെ പ്രചരണ പരിപാടിക്ക് വേണ്ടി വന്നതാണ്.. ‘
അപ്പോൾ ആ ചേട്ടൻ പറഞ്ഞു
”ഞാൻ രമണൻ, സി.പി.എം ന്റെ ബ്രാഞ്ച് സെക്രട്ടറിയാണ്, ഞങ്ങൾ പോസ്റ്റർ ഒട്ടിക്കുകയായിരുന്നു..
ഞങ്ങൾ കൂടുതൽ സംസാരിച്ചില്ലാ..
പരസ്പരം മൊബൈൽ നമ്പർ കൈമാറി, സ്‌നേഹം പങ്കിട്ട്, കഴിയുമെങ്കിൽ വീണ്ടും തിരഞ്ഞെടുപ്പ് ഗോദയിൽ കാണാം എന്ന് പറഞ്ഞ് പിരിഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here