Advertisement

ഖദറാണോ, കളറാണോ പാര്‍ട്ടിയെ കൂടുതല്‍ കളറാക്കുക?; പുതിയ വാദങ്ങളുമായി കോൺഗ്രസ് നേതാക്കള്‍

3 days ago
Google News 1 minute Read
Congress Reorganization_ Talks on Giving Youth More Opportunities

യൂത്ത് കോണ്‍ഗ്രസ് നേതാക്കളില്‍ പലരും ഖദര്‍ വസ്ത്രത്തിന് പകരം കളര്‍ വസ്ത്രം ധരിക്കുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവിന്റെ സാമൂഹ്യമാധ്യമ പോസ്റ്റ് ചര്‍ച്ചയാവുന്നു. കേരളത്തിലെ ഭൂരിഭാഗം യുവ നേതാക്കളും ഖദറിനോട് ആഭിമുഖ്യം കാണിക്കുന്നില്ലെന്നും, ഇത് കോണ്‍ഗ്രസിന്റെ പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്നുള്ള വ്യതി ചലനമാണെന്നായിരുന്നു ആരോപണം.

1920 ലാണ് ഗാന്ധിജി വിദേശ വസ്ത്ര ബഹിഷ്‌ക്കരണത്തിന്റെ ഭാഗമായി ഖദര്‍ ശീലമാക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടത്. ഒരു നൂറ്റാണ്ടിനിപ്പുറവും ഭൂരിഭാഗം കോണ്‍ഗ്രസ് നേതാക്കളും ഖദര്‍ വസ്ത്രമാണ് ഉപയോഗിക്കുന്നത്. എന്നാല്‍ കാലം മാറിയതോടെ യുവ നേതാക്കള്‍ ആധുനിക വേഷത്തിലേക്ക് മാറി. ഇതിനെതിരെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.

തൂ വെള്ള ഖാദിയുമായി ഇറങ്ങുന്നതിന് പകരം ജീന്‍സും ടീ ഷര്‍ട്ടും കോണ്‍ഗ്രസ് പാരമ്പര്യമല്ലെന്നാണ് ചില നേതാക്കളുടെ വാദം. എന്നാല്‍ വസ്ത്ര സ്വാതന്ത്ര്യം ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഉണ്ടെന്നും, ഖദര്‍ ധരിക്കണമെന്ന് നിര്‍ബന്ധം പിടിക്കാനാവില്ലെന്നുമാണ് കെ പി സി സി അധ്യക്ഷന്റേയും മറ്റും പ്രതികരണം.
ജനങ്ങള്‍ പൊതുവായി ധരിക്കുന്ന വേഷം ധരിക്കുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് യുവനേതാക്കള്‍ക്ക്. ജനങ്ങളില്‍ ഒരാളായി പ്രവര്‍ത്തിക്കുന്നതാണ് സ്വീകര്യതയെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

രാഹുല്‍ഗാന്ധി ജീന്‍സും ടീഷര്‍ട്ടും ധരിക്കുന്നില്ലേ എന്ന മറുചോദ്യം യുവ നേതാക്കള്‍ ഉയര്‍ത്തിയതോടെ ഖദര്‍ വിവാദത്തിന് വലിയ പിന്തുണ ലഭിക്കില്ല. എന്നാല്‍ യൂത്ത് കോണ്‍ഗ്രസിനെതിരെ ഖാദി വിവാദം ഉയര്‍ത്തുന്നതിന് പിന്നില്‍ മറ്റു ചില ലക്ഷ്യങ്ങളുണ്ടെന്നാണ് കോണ്‍ഗ്രസിലെ ചില നേതാക്കളുടെ പ്രതികരണം. വരാനിരിക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ 30 ശതമാനം സ്ഥാനാർഥികളും യുവാക്കളായിരിക്കുമെന്ന പ്രചാരണം ശക്തമായ സാഹചര്യത്തിലാണ് വിവാദം ശക്തിപ്പെടുന്നത്. പലമുതിര്‍ന്ന നേതാക്കളും സീറ്റ് മോഹികളാണ്. യുവനേതാക്കളെ പരിഗണിച്ചാല്‍ പലര്‍ക്കും അവസരം നഷ്ടമാവും.

യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കോണ്‍ഗ്രസിന്റെ ഒരുവിഭാഗം നേതാക്കള്‍ ഭയക്കുന്നുണ്ടെന്നാണ് ചില നേതാക്കളുടെ ഈയടുത്തകാലങ്ങളിലെ നീക്കങ്ങള്‍ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസില്‍ യുവനേതാക്കള്‍ പിടിമുറുക്കുന്നുവെന്ന ആരോപണവും ശക്തമാണ്. പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ യുവാക്കളെ കൂടുതല്‍ രംഗത്തിറക്കി കൂടുതല്‍ സീറ്റില്‍ വിജയിക്കാനുള്ള നീക്കമാണ് നടത്തുന്നത്. ഇത് പല മുതിര്‍ന്ന നേതാക്കള്‍ക്കും ഭീഷണിയാണെന്നാണ് ഒരു നേതാവ് അഭിപ്രായപ്പെടുന്നത്.

യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ റീല്‍സ് ചിത്രീകരിച്ച് സ്വന്തം വളര്‍ച്ചയ്ക്കായി ഉപയോഗിക്കുന്നുവെന്നായിരുന്നു കഴിഞ്ഞദിവസം കോണ്‍ഗ്രസ് നേതാവ് രാജ് മോഹന്‍ ഉണ്ണിത്താന്റെ ആരോപണം. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ പരസ്പരം കൊമ്പുകോര്‍ക്കുന്നതിനെതിരെ നേതൃത്വം രംഗത്തുവന്നിരുന്നു. നേതാക്കള്‍ എന്ത് വസ്ത്രം ധരിക്കുന്നു എന്നതിനപ്പുറം, എങ്ങിനെ പ്രവര്‍ത്തിക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും വിജയ സാധ്യതയെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. അടുത്ത തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് നിര്‍ണായകമാണെന്നിരിക്കെ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് പകരം വിവാദങ്ങള്‍ ഉണ്ടാക്കി പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനാണ് ശ്രമമെന്നാണ് ഖദര്‍ വിവാദത്തില്‍ ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. ക്യാപ്റ്റന്‍, മേജര്‍ പ്രയോഗങ്ങള്‍ പാര്‍ട്ടി അനുഭാവികളില്‍ അസ്വസ്ഥതയുണ്ടാക്കിയതിന് പിന്നാലെയാണ് പുതിയ വിവാദം.

Story Highlights : Congress-Youth Congress fight over Khadi controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here