നീലഗിരി പർവത തീവണ്ടിക്ക് 111 വയസ്സ്

നീലഗിരി പർവത തീവണ്ടിക്ക് 111 വയസ്സ്. ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകർഷിച്ചുകൊണ്ട് മേട്ടുപ്പാളയം മുതൽ ഊട്ടിവരെയുള്ള ഈ തീവണ്ടി ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും തന്റെ ജൈത്രയാത്ര തുടരുകയാണ്.
യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ ഇടംപിടിച്ച നീലഗിരി പർവത തീവണ്ടി ഒക്ടോബർ 15നാണ് 111 ആം വയസ്സ് ആഘോഷിച്ചത്. ഒക്ടോബർ 16ന് തീവണ്ടിയുടെ പിറന്നാളിന്റെ ഭാഗമായി ചെറിയ ചില ആഘോഷ പരിപാടികൾ നടത്തിയിരുന്നു. അന്നേദിവസം
കുന്നൂരിൽ നിന്ന് ഊട്ടിയിലെത്തിയ വിനോദസഞ്ചാരികളെ മധുരം നൽകി അധികൃതർ വരവേറ്റു. ട്രസ്റ്റ് ഭാരവാഹികളും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
1899 ജൂൺ 15നാണ് മേട്ടുപാളയംകുന്നൂർ പാതയിൽ ട്രെയിൻ സർവിസ് ആരംഭിച്ചത്. എങ്കിലും 1908 ഒക്‌ടോബർ 15നാണ് കുന്നൂരിൽ നിന്ന് ഊട്ടിയിലേക്ക് തീവണ്ടി സർവിസ് നീട്ടിയത്. ഊട്ടിയിൽ റെയിൽവേ സ്റ്റേഷൻ സ്ഥാപിക്കുകയും ചെയ്തു.
1908 സെപ്റ്റംബർ 16ന് കുന്നൂർ മുതൽ ഫോൺഹിൽ വരെയും ഒക്‌ടോബർ 15ന് ഊട്ടിവരെയും സർവിസ് ആരംഭിച്ചു. മേട്ടുപാളയം മുതൽ ഊട്ടി വരെയുള്ള 46 കിലോമീറ്റർ പാതയിൽ 16 തുരങ്കങ്ങളും 200 കൊടും വളവുകളും 250 പാലങ്ങളുമുണ്ട്. റാക് ആൻഡ് പിനിയൺ സാങ്കേതിക വിദ്യയിലാണ് തീവണ്ടി ഓടുന്നത്.
ആദ്യം നീലഗിരി തീവണ്ടി പാലക്കാട് ഡിവിഷന് കീഴിലായിരുന്നെങ്കിലും പിന്നീട് തമിഴ്‌നാട്ടിലെ സേലം റെയിൽവേ ഡിവിഷന് കീഴിലായി ഇത്. അഞ്ചുകോടി രൂപയാണ് ഈ തീവണ്ടി ഓടിക്കാണ് റെയിൽവേയ്ക്ക് ഉണ്ടാകുന്ന നഷ്ടം. തീവണ്ടി ഓടിക്കുന്നത് നഷ്ടമാണെന്ന് കാണിച്ച് സർവീസ് നിർത്തിവക്കാൻ അധികൃതർ തീരുമാനിച്ചിരുന്നുവെങ്കിലും ജനങ്ങളുടെ കടുത്ത എതിർപ്പ് കാരണം അധികൃതർ തീരുമാനത്തിൽ നിന്ന് പിന്തിരിയുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here