എംജി സർവകലാശാലയിൽ പുനർമൂല്യനിർണയത്തിനിടെ മാർക്ക് തട്ടിപ്പിന് ശ്രമം നടന്നതായി തെളിവുകൾ

മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽ പുനർമൂല്യനിർണയത്തിനിടെ മാർക്ക് തട്ടിപ്പിന് ശ്രമം നടന്നതായി തെളിവുകൾ. എംകോം നാലാം സെമസ്റ്റർ ഉത്തരക്കടലാസുകൾ രജിസ്റ്റർ നമ്പറും, രഹസ്യ നമ്പറും ഉൾപ്പെടെ സിൻഡിക്കേറ്റ് അംഗത്തിന് നൽകാൻ വൈസ് ചാൻസിലർ പരീക്ഷ കൺട്രോളർക്ക് നൽകിയ കത്ത് പുറത്തു വന്നു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച മാർക്ക് ദാന വിവാദം ചൂടുപിടിക്കെയാണ് എംജി സർവകലാശാലയിലെ കൂടുതൽ തട്ടിപ്പുകൾ പുറത്തുവരുന്നത്. പുനർമൂല്യനിർണയത്തിനുള്ള ഉത്തരക്കടലാസുകൾ സിൻഡിക്കേറ്റ് അംഗത്തിന് കൈമാറാനുള്ള അസാധാരണ നിർദ്ദേശം വൈസ് ചാൻസിലർ തന്നെയാണ് പരീക്ഷ കൺട്രോളർക്ക് നൽകിയത്.
എംകോം നാലാം സെമസ്റ്റർ അഡ്വാൻസ്ഡ് കോസ്റ്റ് അക്കൗണ്ടിംഗ് പരീക്ഷയുടെ 30 ഉത്തരക്കടലാസുകൾ രജിസ്റ്റർ നമ്പറും രഹസ്യ നമ്പറും ഉൾപ്പെടെ ഡോക്ടർ പി പ്രകാശിന് നൽകാനാണ് വിസി നിർദ്ദേശിച്ചത്. പ്രകാശിന്റെ കത്ത് തന്നെ പരിഗണിച്ചുകൊണ്ടാണ് നടപടി. മൂല്യനിർണയം നടത്തുന്ന അധ്യാപകർ പോലും പരീക്ഷ എഴുതിയ ആളെ തിരിച്ചറിയാതിരിക്കാതാണ് രഹസ്യ നമ്പർ നൽകുന്നത്.
രജിസ്റ്റർ നമ്പരും രഹസ്യ നമ്പരും ലഭ്യമാക്കിയാൽ ഉത്തരക്കടലാസ് ആരുടേതെന്ന് തിരിച്ചറിഞ്ഞ് മാർക്ക് തട്ടിപ്പ് നടത്താം. പരീക്ഷ നടത്തിപ്പിന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യുന്ന തെളിവുകൾ പുറത്തുവന്നിട്ടും വൈസ് ചാൻസിലറോ അധികൃതരോ ഇക്കാര്യത്തിൽ പ്രതികരണം നടത്തിയില്ല. ഇതിനിടെ മാർക്ക് ദാന വിവാദത്തിൽ വി സിയുടെ റിപ്പോർട്ട് കിട്ടാതെ തീരുമാനം എടുക്കാൻ കഴിയില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു. തനിക്ക് ലഭിച്ച പരാതി കൈമാറിയത് സ്വാഭാവിക നടപടിയെന്നും ഇക്കാര്യത്തിൽ മുൻവിധിയില്ലെന്നും ഗവർണർ പറഞ്ഞു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here