ജോളിയുടെ ഉറ്റ സുഹൃത്ത് റാണി എസ് പി ഓഫീസിൽ
കൂടത്തായി കൊലപാതകപരമ്പര കേസിലെ മുഖ്യപ്രതി ജോളിയുടെ ഉറ്റസുഹൃത്ത് റാണി ഹാജരായി. വടകര റൂറൽ എസ് പി ഓഫീസിലാണ് യുവതി എത്തിയത്. റാണിയിൽ നിന്നും അന്വേഷണസംഘം മൊഴിയെടുക്കും.
തലശേരിയിൽ നിന്ന് രണ്ട് പേർക്കൊപ്പം ഓട്ടോറിക്ഷയിൽ രഹസ്യമായാണ് റാണി എസ് പി ഓഫീസിലെത്തിയത്. കൊലപാതകങ്ങളെക്കുറിച്ച് റാണിക്ക് അറിവുണ്ടോ എന്നായിരിക്കും പ്രധാനമായും ചോദിച്ചറിയുക. കൊയിലാണ്ടിയിലാണ് റാണിയുടെ വീട്. എന്നാൽ തലശേരിയിലെ ഒരു ബന്ധുവീട്ടിലായിരുന്നു ഇത്രയും ദിവസം റാണി താമസിച്ചിരുന്നത്.
ജോളിയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ ലഭിച്ച ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം സുഹൃത്ത് റാണിയിലേക്ക് നീണ്ടത്. ജോളിയുടെ മൊബൈൽ ഫോൺ നിറയെ റാണിയുടെ ചിത്രങ്ങളായിരുന്നു. എൻഐടി പരിസരത്തെ തയ്യൽക്കടയിലായിരുന്നു ഇവർ ജോലി ചെയ്തിരുന്നത്. ജോളിക്കൊപ്പം യുവതി നിൽക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. ഈ വർഷം മാർച്ചിൽ എൻഐടിയിൽ നടന്ന രാഗം കലോത്സവത്തിൽ യുവതി ജോളിക്കൊപ്പം എത്തിയിരുന്നു. ഇതിനിടെ എടുത്ത ചിത്രങ്ങളാണ് പുറത്തുവന്നത്. യുവതിയെ ചോദ്യം ചെയ്താൽ ജോളിയുടെ എൻഐടി ജീവിതത്തിന്റെ ചുരുളഴിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്.
Read also: ജോളിയുടെ മൊബൈൽ നിറയെ ഉറ്റ സുഹൃത്തായ യുവതിയുടെ ചിത്രങ്ങൾ; തയ്യൽക്കട ജീവനക്കാരി സംശയത്തിന്റെ നിഴലിൽ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here