‘എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ആർട്ടിക്കിൾ 370’ ; ബിജെപിയെ വിമർശിച്ച് കനയ്യ കുമാർ

മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി കനയ്യ കുമാറും. സയൻ-കോളിവാഡ മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന സിപിഐ സ്ഥാനാർത്ഥി വിജയ് ദൽവിക്ക് വോട്ട് ചോദിക്കാനായാണ് കനയ്യ കുമാർ എത്തിയത്.
പ്രചാരണത്തിനിടെ ബിജെപിയെ വിമർശിച്ചും പരിഹസിച്ചും കനയ്യ കുമാർ സംസാരിച്ചു. ബിജെപിയോട് ഇപ്പോൾ എന്ത് ചോദിച്ചാലും ആർട്ടിക്കിൾ 370 എന്ന് മാത്രമാണ് ഉത്തരമെന്ന് കനയ്യ കുമാർ പറഞ്ഞു. കർഷകർ എന്തുകൊണ്ട് ആത്മഹത്യ ചെയ്യുന്നുവെന്ന് ചോദിച്ചാൽ ആർട്ടിക്കിൾ 370 എന്നായിരിക്കും മറുപടി. എന്തുകൊണ്ട് രണ്ടുകോടി തൊഴിൽ ഉണ്ടാക്കിയില്ല എന്നു ചോദിച്ചാലും ഉത്തരം ആർട്ടിക്കിൾ 370 എന്നായിരിക്കുമെന്നും കനയ്യ പരിഹസിച്ചു.
പതിനഞ്ച് ലക്ഷം എന്തുകൊണ്ട് തങ്ങളുടെ അക്കൗണ്ടിൽ വന്നില്ല എന്നു ചോദിച്ചാലും ആർട്ടിക്കിൾ 370 എന്നല്ലാതെ ബിജെപിക്ക് മറ്റൊന്നും പറയാനുണ്ടാകില്ലെന്നും കനയ്യ പറഞ്ഞു.
ബിജെപി ഇന്ത്യയിലെ യഥാർഥ പ്രശ്നങ്ങൾ മറച്ച് പിടിക്കുകയാണ്. ഈ തെരഞ്ഞെടുപ്പിൽ പുതിയ ഒരു തന്ത്രമാണ് ബിജെപി പുറത്തെടുത്തിരിക്കുന്നത്. ജയിച്ചു വന്നാൽ സവർക്കർക്ക് ഭാരത രത്‌ന കൊടുക്കാം എന്നാണ് വാഗ്ദാനം. കഴിഞ്ഞ അഞ്ചാറ് വർഷമായി ബിജെപി തന്നെയാണ് കേന്ദ്രം ഭരിക്കുന്നത്. ഇഷ്ടമുള്ളവർക്ക് ഭാരത രത്‌നം നൽകുകയാണ് അവർ ചെയ്യുന്നത്. മഹാരാഷ്ട്രാ തെരഞ്ഞെടുപ്പിൽ വന്ന് പ്രചാരണം നടത്തുമ്പോൾ സവർക്കർ, ഭാരത രത്‌നം എന്നൊക്കെ പറയുന്നത് എന്തിനാണെന്നും കനയ്യ ചോദിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here