വളർച്ചാ നിരക്കിൽ കൂപ്പ് കുത്തി ചൈനീസ് സമ്പദ് വ്യവസ്ഥ

ചൈനയുടെ സമ്പദ്ഘടന മൂന്ന് പതിറ്റാണ്ടിനിടെയുള്ള ഏറ്റവും മോശം നിലയിൽ. അമേരിക്കയുമായുള്ള വ്യാപാര യുദ്ധമാണ് ചൈനക്ക് തിരിച്ചടിയായത്.
ചൈനീസ് സർക്കാരിന്റെ നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സാണ് സാമ്പത്തിക നില സംബന്ധിച്ച
പുതിയ കണക്കുകൾ പുറത്തുവിട്ടത്. മൂന്നാം പാദ സാമ്പത്തിക സൂചികകൾ പ്രകാരം പ്രതീക്ഷിച്ചതിനെക്കാൾ വലിയ തിരിച്ചടിയാണ് ചൈനീസ് സമ്പദ് വ്യവസ്ഥയുടെ വളർച്ചാ നിരക്കിൽ ഉണ്ടായിരിക്കുന്നതെന്നാണ് വിലയിരുത്തൽ. സാമ്പത്തിക വളർച്ചാ നിരക്ക് ആറായി ചുരുങ്ങി. രണ്ടാം പാദത്തിൽ ഇത് 6.2 ശതമാനം മാത്രമായി കുറഞ്ഞു.
എന്നാൽ, പ്രതീക്ഷിച്ചതിനെക്കാൾ വളർച്ചാനിരക്കിൽ പിന്നോട്ട് പോയത് വലിയ ആശങ്കകൾക്ക് ഇടവെക്കുന്നുവെന്നാണ് ചൈനീസ് സാമ്പത്തിക വിദഗ്ദർ പറയുന്നത്. 1992 ന് ശേഷം രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വളർച്ചാനിരക്കാണ് ഇപ്പോഴത്തേത്.
അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധമാണ് സമ്പദ്ഘടനയുടെ വളർച്ചക്ക് തിരിച്ചടിയയാത്. ലോകത്തിലെ ഏറ്റവും വലിയ ആദ്യ രണ്ട് സാമ്പത്തിക ശക്തികളും തമ്മിലുള്ള ഏറ്റുമുട്ടൽ ആഗോള സമ്പദ് രംഗത്തെയും ദോഷകരമായി ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞയാഴ്ച ഇരു രാജ്യങ്ങളും വ്യപാര രംഗത്തെ ഏറ്റുമുട്ടലിന് താത്ക്കാലിക വിരാമിട്ടിരുന്നു.
നികുതി ഒഴിവാക്കൽ ഉൾപ്പടെ സമ്പദ്ഘടനയെ വീണ്ടും ഉത്തേജിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് ചൈന. കോടിക്കണക്കിന് രൂപയുടെ നികുതിയിളവാണ് സർക്കാർ ഇതിനോടകം പ്രഖ്യാപിച്ചിട്ടുള്ളത്. വാർഷിക വളർച്ചാ നിരക്ക് 6 നും 6.5 ശതമാനത്തിനും ഇടയിലെത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here