അഭിജിത്തിന് ഇടതു ചായ്‌വ്, അദ്ദേഹത്തെ ഇന്ത്യക്കാർ തള്ളിക്കളഞ്ഞതാണ്; നൊബേൽ ജേതാവിനെതിരെ പീയുഷ് ഗോയൽ

നൊബേൽ പുരസ്കാര ജേതാവും യുഎസ് സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഇന്ത്യൻ വംശജൻ അഭിജിത് ബാനർജിയെ തള്ളി കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയൽ. അഭിജിത്തിൻ്റെ ചിന്തകൾക്ക് ഇടതു ചായ്‌വാണെന്നും അദ്ദേഹത്തെ ഇന്ത്യക്കാർ തള്ളിക്കളഞ്ഞതാണെന്നും മന്ത്രി പറഞ്ഞു.
“നൊബേൽ പുരസ്‌കാരം നേടിയതിൽ അഭിജിത് ബാനർജിയെ അഭിനന്ദിക്കുന്നു. പക്ഷേ, അദ്ദേഹത്തിന്റെ ചിന്തകൾ ഇടതു ചായ്വുള്ളതാണെന്നു നിങ്ങൾക്കറിയാം. കോണ്ഗ്രസിന്റെ തെരഞ്ഞെടുപ്പു വാഗ്ദാനമായ ന്യായ് പദ്ധതിയെ അദ്ദേഹം പിന്തുണക്കുകയും പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ആ ചിന്തയെ ഇന്ത്യക്കാർ തള്ളിക്കളഞ്ഞു”- ഗോയൽ പറഞ്ഞു.
അതേ സമയം, ഗോയൽ എന്ത് ചിന്തിക്കുന്നുവോ അത് അദ്ദേഹത്തിനു പറയാമെന്ന് അഭിജിത്തിൻ്റെ അമ്മ നിർമ്മല വിശദീകരിച്ചു. പരാമർശം തൻ്റെ അന്തസിനു നിരക്കാത്തതാണെന്നും അതുകൊണ്ട് തന്നെ അതിനു താൻ മറുപടി പറയുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
നോട്ടുനിരോധനത്തെ തീവ്രമായി എതിർത്തയാളാണ് അഭിജിത്ത് ബാനർജി. ഇന്ത്യൻ സാമ്പത്തിക രംഗത്തെ പ്രശനങ്ങൾ എടുത്തു പറഞ്ഞ അദ്ദേഹം തീവ്ര ദേശീയതക്കെതിരെയും രംഗത്തു വന്നിരുന്നു.
സാമ്പത്തിക ശാസ്ത്രത്തിലാണ് അഭിജിത്തിനു നൊബേൽ ലഭിച്ചത്. അഭിജിത്തിനൊപ്പം എസ്തർ ഡഫ്‌ലോ, മൈക്കൽ ക്രെമർ എന്നിവർ പുരസ്‌കാരം പങ്കിടുകയായിരുന്നു. ആഗോള ദാരിദ്ര്യ നിർമാർജനത്തിനുള്ള പരീക്ഷണാത്മക സമീപനത്തിനാണ് ഇവർക്ക് പുരസ്‌കാരം ലഭിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here