മാർക്ക് ദാന നടപടിയെ ന്യായീകരിച്ച് എംജി സർവകലാശാല വൈസ് ചാൻസലറുടെ റിപ്പോർട്ട്

വിവാദമായ മാർക്ക് ദാന നടപടിയെ ന്യായീകരിച്ച് എംജി സർവകലാശാല റിപ്പോർട്ട്. മോഡറേഷൻ നൽകിയത് വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമെന്നും, തീരുമാനമെടുത്ത് അദാലത്തിലല്ലെന്നും വിശദീകരണം. ചട്ടപ്രകാരമാണ് നടപടിയെന്നും, സർവകലാശാലയുടെ ഗുണനിലവാരത്തെ ബാധിച്ചിട്ടില്ലെന്നും വൈസ് ചാൻസലർ ഗവർണർക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി.
സർവകലാശാലയിൽ നടന്ന അദാലത്തിൽ ബിടെക് വിദ്യാർത്ഥിക്കുവേണ്ടി മാർക്ക് ദാനം നടത്തിയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണമാണ് വിവാദത്തിന് തുടക്കമിട്ടത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി കെ ഷറഫുദീൻ ഇടപെട്ടാണ് സിൻഡിക്കേറ്റിനെ മറികടന്ന് തീരുമാനമെടുത്തത് എന്നായിരുന്നു ആരോപണം. ഇത് നിഷേധിച്ചാണ് സർവകലാശാലയുടെ റിപോർട്ട്. വിസി സാബു തോമസ് ഗവർണർക്കും, രജിസ്ട്രാർ സാബുക്കുട്ടൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും നൽകിയ റിപ്പോർട്ടിലാണ് നടപടികളെ ന്യായീകരിച്ചത്. അദാലത്തിനു മുൻപായി നടപടിക്രമങ്ങൾ പൂർത്തിയാക്കിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സ്വാഭാവിക നടപടിയാണെന്നും സർവകലാശാലയുടെ ഗുണനിലവാരത്തെ ബാധിച്ചിട്ടില്ലെന്നും വിശദീകരണമുണ്ട്.
വൈസ് ചാൻസലർക്കും സിൻഡിക്കേറ്റിനും ഉള്ള അധികാരം ഉപയോഗിച്ചാണ് തീരുമാനമെന്നും റിപ്പോർട്ടിൽ പറയുന്നു. വിസിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലേ വിഷയത്തിൽ നടപടി സ്വീകരിക്കു എന്നായിരുന്നു ഗവർണർ വ്യക്തമാക്കിയിരുന്നത്. ക്രമക്കേടുകളെ കുറിച്ച് വാർത്തകൾ പുറത്തു വന്നതോടെ ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണത്തിന് ഗവർണർ നിർദേശം നൽകുമോ എന്നാണ് ഇനി അറിയേണ്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here