ആഭ്യന്തര കലാപം രൂക്ഷംമാകുന്നു; ലെബനോൺ സന്ദർശിക്കുന്നതിന് സൗദികൾക്ക് വിലക്ക്

ലെബനോൺ സന്ദർശിക്കുന്നതിന് സൗദികൾക്ക് വിലക്ക്. രാജ്യത്ത് ജനകീയ പ്രക്ഷോഭം വർധിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം. ലെബനോനിൽ ഉള്ള സൗദികളോട് പെട്ടെന്ന് രാജ്യം വിടാൻ സൌദി എംബസി നിർദേശം നല്കി.
ലെബനോനിൽ ആഭ്യന്തര കലഹം വർധിച്ച സാഹചര്യത്തിലാണ് സൗദിയുടെ മുന്നറിയിപ്പ്. ലെബനോണിലേക്ക് യാത്ര ചെയ്യരുതെന്ന് സൗദി പൗരൻമാർക്ക് വിദേശകാര്യ മന്ത്രാലയം നിർദേശം നല്കി. നിലവിൽ ലെബനോനിൽ ഉള്ള സൗദി പൗരന്മാരോട് എത്രയും പെട്ടെന്നു സൗദിയിലേക്ക് മടങ്ങാനും നിർദേശമുണ്ട്. ലെബനോനിൽ ഉള്ളവർക്ക് സംഗമിക്കാനും അവരെ ബെയ്‌റൂത്ത് വിമാനത്താവളം വഴി സൗദിയിൽ എത്തിക്കാനും സൗദി എംബസി സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഈജിപ്തും കുവൈറ്റും ലെബാനോനിലുള്ള തങ്ങളുടെ പൗരന്മാരോട് ജാഗ്രത പാലിക്കാൻ നിർദേശിച്ചു. ജനക്കൂട്ടമുള്ള സ്ഥലങ്ങളിൽ നിന്നും കലാപത്തിന് സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും വിട്ടു നിൽക്കാൻ ഈ രാജ്യങ്ങൾ നിർദേശം നൽകി. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കും, തൊഴിലില്ലായ്മക്കും പരിഹാരം കാണണമെന്നും അഴിമതിക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ലെബനോനിൽ ജനകീയ പ്രക്ഷോഭം നടക്കുന്നത്. പ്രധാനമന്ത്രി സാദ് അൽ ഹരീരിയുടെ സംയുക്ത സർക്കാരിനെതിരെ നടക്കുന്ന രണ്ടാമത്തെ ജനകീയ പ്രക്ഷോപമാണിത്. 37 ശതമാനമാണ് ലെബാനോനിലെ തൊഴിലില്ലായ്മാ നിരക്ക്.
അതേസമയം 72 മണിക്കൂറിനകം പ്രശ്‌നപരിഹാരത്തിന് മാർഗം കാണുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. സാമ്പത്തിക പരിഷ്‌കാരങ്ങൾക്ക് തടസം നിൽക്കുന്നത് സംയുക്ത സർക്കാരിലെ ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ള ഉൾപ്പെടെയുള്ള പാർട്ടികളാണെന്ന് ഹരീരി കുറ്റപ്പെടുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here