കെ സുരേന്ദ്രൻ മതചിഹ്നം ദുരുപയോഗപ്പെടുത്തിയെന്ന പരാതി; അടിയന്തിര നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടറുടെ നിർദ്ദേശം

കോന്നിയിൽ ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രന് വോട്ട് അഭ്യർഥിച്ച് മതചിഹ്നങ്ങൾ ദുരുപയോഗപ്പെടുത്തി സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടത്തിയ സംഭവത്തിൽ അടിയന്തിര നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടറുടെ നിർദേശം. വീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് മൂന്ന് മുന്നണികളും നൽകിയ പരാതിയിലാണ് നടപടി.
ഓർത്തഡോക്‌സ് സഭാധ്യക്ഷന്റെ ചിത്രത്തിനോടൊപ്പം കെ സുരേന്ദ്രന് വോട്ട് അഭ്യർത്ഥിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിനെതിരെയാണ് നടപടി. പരാതിക്ക് അടിസ്ഥാനമായ വീഡിയോയുടെ പ്രചാരണം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും മത ചിഹ്നങ്ങളുടെ ദുരുപയോഗമാണെന്നും പ്രാഥമിക പരിശോധനയിൽ ബോധ്യപ്പെട്ടതോടെയാണ് നടപടിയെടുക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ നിർദേശം നൽകിയത്.
വീഡിയോ നിർമിച്ചത് ആരാണെന്നും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് ആരൊക്കെയാണെന്നും കണ്ടെത്തണമെന്നും വീഡിയോ അടിയന്തിരമായി സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നും ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ നിർദേശത്തിൽ പറയുന്നു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ എൽഡിഎഫും, യുഡിഎഫും പരാതി നൽകിയിരുന്നു. എൻഡിഎ സ്ഥാനാർത്ഥിയെ അപകീർത്തിപ്പെടുത്താനായി വ്യാജ വീഡിയോ നിർമിച്ച് പ്രചരിപ്പിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് ബിജെപി പരാതി നൽകിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here