ഇന്ത്യക്ക് മികച്ച സ്കോർ; ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകർച്ച

ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിലെ ഒന്നാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്കക്ക് ബാറ്റിംഗ് തകർച്ച. ഇന്ത്യയുടെ 497/9 എന്ന സ്കോറിനു മറുപടി ബാറ്റിംഗിനിറങ്ങിയ പ്രോട്ടീസ് രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഒൻപതു റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ്. ഇന്ത്യക്കായി ഉമേഷ് യാദവും മൊഹമ്മദ് ഷമിയും ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.
212 റൺസെടുത്ത രോഹിത് ശർമ്മയാണ് ഇന്ത്യക്കായി തിളങ്ങിയത്. 28 ബൗണ്ടറികളും ആറ് സിക്സറുകളും സഹിതം കരിയറിലെ ആദ്യ ഇരട്ടശതകം കുറിച്ച രോഹിതിനൊപ്പം അജിങ്ക്യ രഹാനെ (115), രവീന്ദ്ര ജഡേജ (51) എന്നിവരും ഇന്ത്യൻ സ്കോറിലേക്ക് ശ്രദ്ധേയ സംഭാവനകൾ നൽകി. ഉമേഷ് യാദവ് (31), വൃദ്ധിമാൻ സാഹ (24) തുടങ്ങിയവരും നന്നായി ബാറ്റ് ചെയ്തു.
ദക്ഷിണാഫ്രിക്കക്കായി 4 വിക്കറ്റെടുത്ത അരങ്ങേറ്റ സ്പിന്നർ ജോർജ് ലിൻഡെയാണ് മികച്ച പ്രകടനം നടത്തിയത്. കഗീസോ റബാഡ മൂന്നു വിക്കറ്റ് വീഴ്ത്തി.
ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സിൽ, ഡീൻ എൽഗർ (0) മൊഹമ്മദ് ഷമിയുടെ പന്തിൽ വൃദ്ധിമാൻ സാഹ പിടിച്ച് പുറത്തായി. ക്വിൻ്റൺ ഡികോക്കിനെ (4) ഉമേഷ് സാഹയുടെ കൈകളിലെത്തിച്ചു. കളി അവസാനിക്കുമ്പോൾ സുബൈർ ഹംസ (0), ഫാഫ് ഡുപ്ലെസി (1) എന്നിവരാണ് ക്രീസിൽ. ഇന്ത്യൻ സ്കോറിൽ നിന്നും ഇനിയും 488 റൺസ് അകലെയാണ് ദക്ഷിണാഫ്രിക്ക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here