ഇന്ത്യന്‍ ഫുട്‌ബോള്‍ പൂരത്തിന് ഇന്ന് കിക്കോഫ്‌

ഐഎസ്എല്‍ ആറാം സീസണ് ഇന്ന് കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ തുടക്കമാകും. ഇനിയുള്ള അഞ്ചുമാസക്കാലം പത്തു ടീമുകള്‍ ഫുട്‌ബോളിന്റെ രാജകിരീടത്തിനായി പോരടിക്കും. ഏറ്റവും കൂടുതല്‍ ആരാധകരുള്ള കേരളാ ബ്ലാസ്റ്റേഴ്‌സും കളിമികവില്‍ മുന്നിലുള്ള എടികെയും തമ്മിലാണ് ഉദ്ഘാടന മത്സരം. വൈകുന്നേരം 7.30 നാണ് ആറാം സീസണ് കിക്കോഫ്. ആറുമണിക്ക് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കും.

സൗരവ് ഗാംഗുലി, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ക്കൊപ്പം ബോളിവുഡില്‍ നിന്ന് ടൈഗര്‍ ഷ്‌റോഫും ദിഷാ പട്ടാനിയും ഉദ്ഘാടന ചടങ്ങിനെത്തും. ദുല്‍ഖര്‍ സല്‍മാന്‍ അവതാരകന്റെ വേഷത്തിലാണ് എത്തുക.

ജയത്തോടെ തുടങ്ങാമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ് കോച്ച് എല്‍ക്കോ ഷറ്റോരി. ഇന്നലെ ബ്ലാസ്റ്റേഴ്‌സും എടികെയും കെച്ചിയില്‍ പരിശീലനം നടത്തി. പരുക്കാണ് ബ്ലാസ്റ്റേഴ്‌സിന്റെ തലവേദന. മധ്യനിരയില്‍ മുതിര്‍ന്ന താരങ്ങള്‍ക്കുള്‍പ്പെടെ പരിക്കുണ്ടെന്ന് കോച്ച് തന്നെ സമ്മതിക്കുന്നു. മുഹമ്മദ് റാഫിയും ആദ്യ ഇലവണില്‍ സ്ഥാനം പിടിച്ചേക്കില്ല. മൂന്നു സ്‌ട്രൈക്കര്‍മാരെ വെച്ചാവും ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണമെന്ന് കോച്ച് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഓഗ്ബച്ചെക്കൊപ്പം രണ്ട് ഇന്ത്യന്‍ താരങ്ങളാവും ആക്രമണത്തിനു ചുക്കാന്‍ പിടിക്കുക. അറ്റാക്കിംഗ് ശൈലിയിലാണ് കളിക്കുന്നതെങ്കിലും ടീമിന്റെ അടിസ്ഥാനം പ്രതിരോധമായിരിക്കും. പ്രതിരോധം ശക്തമായാല്‍ ടീമിന് പല അത്ഭുതങ്ങളും കാണിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് വളരെ ശക്തമായ ടീമിനെയാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സ് രംഗത്തിറക്കിയിരിക്കുന്നത്. ഓഗ്ബച്ചെക്കൊപ്പം മുഹമ്മദ് റാഫി, മരിയോ ആര്‍ക്കസ്, സെര്‍ജിയോ സിഡോഞ്ച തുടങ്ങി ഒരുപിടി മികച്ച താരങ്ങള്‍ ടീമിലെത്തിയിട്ടുണ്ട്.

കഴിഞ്ഞ രണ്ട് സീസണിലെ മോശം പ്രകടനത്തിനു ശേഷം കരുത്താര്‍ജിച്ചാണ് എടികെയുടെ തിരിച്ചുവരവ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള കളിക്കാരന്‍ റോയ് കൃഷ്ണയെ ടീമിലെത്തിച്ച എടികെ മറ്റു ടീമുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ഡീഗോ ഫോര്‍ലാനടക്കം പഴയ പടക്കുതിരകള്‍ പല ക്ലബുകളിലായി മുന്‍പും കളിച്ചിട്ടുണ്ടെങ്കിലും ഇത്ര മാര്‍ക്കറ്റ് വാല്യു ഉള്ള ഒരു കളിക്കാരന്‍ ഇതാദ്യമായാണ് ഐഎസ്എല്ലില്‍ ബൂട്ടണിയുന്നത്. ഫിജി ദേശീയ ടീം ക്യാപ്റ്റനും ഓസ്‌ട്രേലിയന്‍ ലീഗിലെ വെല്ലിംഗ്ടണ്‍ ഫീനിക്‌സിന്റെ മുന്നേറ്റ നിരയുടെ നായകനുമായ റോയ് കൃഷ്ണ എന്തൊക്കെയാണ് കരുതി വെച്ചിരിക്കുന്നതെന്ന് കണ്ടറിയണം. റോയ് കൃഷ്ണക്കൊപ്പം വെല്ലിംഗ്ടണ്‍ ടീമിലെ സഹ താരമായ ഡേവിഡ് വില്ല്യംസും ഇന്ത്യയുടെ മലയാളി താരം ജോബി ജസ്റ്റിനും ചേരുന്ന മുന്നേറ്റ നിര വളരെ കരുത്തുറ്റതാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top