രൂപവും ഭാവവും മാറ്റി ബ്ലാസ്റ്റേഴ്സ്; ഇത്തവണ ശക്തരാണ് (ശരിക്കും)

ഐഎസ്എല്ലിൽ ഏറ്റവുമധികം ആരാധകരുള്ള ക്ലബാണ് നമ്മുടെ സ്വന്തം ബ്ലാസ്റ്റേഴ്സ്. സോഷ്യൽ മീഡിയ ഫോളോവേഴ്സിൻ്റെ എണ്ണത്തിൽ പല യൂറോപ്യൻ ക്ലബുകളും ബ്ലാസ്റ്റേഴ്സിനു പിറകിലാണ്. ഐഎസ്എല്ലിലെ ചരിത്രം പരിശോധിച്ചാൽ രണ്ട് തവണ റണ്ണേഴ്സ് അപ്പായതാണ് ബ്ലാസ്റ്റേഴ്സിൻ്റെ ഏറ്റവും വലിയ നേട്ടം. മറ്റു സീസണുകളിൽ ഒരു തവണ ടേബിളിൽ അവസാന സ്ഥാനത്ത്, ഒരു വട്ടം ആറാം സ്ഥാനത്ത്, കഴിഞ്ഞ സീസണിൽ ഒൻപതാമത്. അത്ര നല്ല റെക്കോർഡുകളല്ല ക്ലബിനുള്ളത്. ഭേദപ്പെട്ട കളിക്കാർ ഉണ്ടായിരുന്നിട്ടും റിസൽട്ടുണ്ടായില്ല എന്നതായിരുന്നു ആകെയുണ്ടായ റിസൽട്ട്. അഞ്ച് സീസൺ കൊണ്ട് ബ്ലാസ്റ്റേഴ്സിനെ കളി പഠിപ്പിച്ചത് എട്ടു പരിശീലകരാണ്. ഈ സീസണിൽ ടീമിലെത്തിയത് ഒൻപതാമത്തെയാളാണ്. അതാണ് ക്ലബിൻ്റെ പ്രശ്നം. അല്ലെങ്കിൽ, അതായിരുന്നു ക്ലബിൻ്റെ പ്രശ്നം. ഒരു ശൈലിയിൽ, ഒരു പരിശീലകനെ വിശ്വസിച്ച് ടീം ഏല്പിക്കാൻ മാനേജ്മെൻ്റ് മടിച്ചു. ആക്രമണ ഫുട്ബോളും ബ്ലാസ്റ്റേഴ്സിന് അന്യമാണ്. ഈ സീസണിൽ അതിനൊക്കെ മാറ്റമുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. ആക്രമണ ഫുട്ബോൾ ഇഷ്ടപ്പെടുന്ന എൽകോ ഷറ്റോരി എന്ന പരിശീലകൻ, പാക്ക്ഡായ മധ്യനിര, കരുത്തുറ്റ മുൻനിര. ടീം പരിഗണിച്ചാൽ, ഇക്കൊല്ലം പ്രതീക്ഷിക്കാനുള്ള വകയുണ്ട്.
നൈജീരിയൻ താരം ബെർതലോമ്യൂ ഒഗ്ബച്ചെയാണ് ആക്രമണത്തിലെ വലിയ പേര്. കഴിഞ്ഞ സീസണിൽ കോറോയോടൊപ്പം ടോപ്പ് സ്കോറർ പട്ടം പങ്കിട്ട ഒഗ്ബച്ചെ ഇത്തവണ ബ്ലാസ്റ്റേഴ്സ് ആക്രമണത്തിനു ചുക്കാൻ പിടിക്കും. ഒഗ്ബച്ചെക്കൊപ്പം റാഫേൽ മെസ്സി ബൗളി എന്ന കാമറൂൺ താരമാണ് വിദേശ കളിക്കാരനായി ടീമിലുണ്ടാവുക. ഇവർക്കൊപ്പം ഹെഡ്മാസ്റ്റർ മൊഹമ്മദ് റാഫിയും കൂടിച്ചേർന്നതാണ് ബ്ലാസ്റ്റേഴ്സിൻ്റെ ആക്രമണ നിര. ശക്തമാണ്, വ്യത്യസ്തമാണ്.
മധ്യനിരയിലേക്കു വന്നാൽ കഴിഞ്ഞ സീസണിൽ ജംഷഡ്പൂർ എഫ്സിയുടെ മധ്യനിര ഭരിച്ച മരിയോ ആർക്കസ്, ആർക്കസിനൊപ്പം അവരുടെ മധ്യനിരയെ സമ്പന്നമാക്കിയ സെർജിയോ സിഡോഞ്ച, സെനഗൾ താരം മുസ്തഫ നിങ് എന്നിവരും ചേർന്ന ‘വിദേശി’ മധ്യനിര തന്നെ ക്രിയേറ്റിവിറ്റി കൊണ്ട് സമ്പന്നമാണ്. ഇന്ത്യൻ ഫുട്ബോളിൽ നിലവിലെ അത്ഭുതം സഹൽ അബ്ദുൽ സമദ് നേതൃത്വം നൽകുന്ന ‘ഇന്ത്യൻ’ മധ്യനിരയും ശക്തമാണ്. സഹലിനൊപ്പം രാഹുൽ കെപി, ഹാലിചരൻ നർസാരി, ജീക്സൻ സിംഗ് തുടങ്ങിയവരും മധ്യനിരയിൽ അണിനിരക്കും.
പ്രതിരോധത്തിൽ, ഡൽഹി ഡൈനാമോസിനു വേണ്ടി കഴിഞ്ഞ സീസണിൽ ഗംഭീര പ്രകടനം കാഴ്ച വെച്ച ജിയാനി സുയിവെർലൂൺ തന്നെയാണ് പ്രധാന ആകർഷണം. ജിയാനിക്കൊപ്പം ബ്രസീൽ താരം ജൈറോ റോഡ്രിഗസും ടീമിലെ വിദേശശക്തിയാവും. മുഹമ്മദ് റാകിപ്, അബ്ദുൽ ഹക്കു, രാജു ഗെയ്‌ക്‌വാദ്, ലാൽറുവതാര എന്നിങ്ങനെ ശ്രദ്ധേയരായ ഇന്ത്യൻ താരങ്ങൾ കൂടി ചേരുന്നതോടെ പ്രതിരോധവും ശക്തമാവുന്നു. ക്രോസ് ബാറിനു കീഴിൽ പഴയ നോർത്തീസ്റ്റ് താരം ടിപി രഹനേഷ് ആവാനാണ് സാധ്യത. ബിലാൽ ഖാനെ പരീക്ഷിക്കാനും സാധ്യതയുണ്ട്. രണ്ടു പേരായാലും ഗോൾ വല സുരക്ഷിതമായ കൈകളിലായിരിക്കും.
പ്രതിരോധത്തിലെ സുപ്രധാന താരം സന്ദേശ് ജിങ്കനു പരിക്കേറ്റത് ബ്ലാസ്റ്റേഴ്സിനു കനത്ത തിരിച്ചടിയാവുമെന്നുറപ്പാണ്. പകരമെത്തിയ രാജു ഗെയ്ക്‌വാദ് മോശക്കാരനല്ലെങ്കിലും സന്ദേശ് ആരാധകർക്കും ക്ലബിനും ഒരു വികാരമായിരുന്നു. ജിങ്കൻ്റെ കനത്ത നഷ്ടം മാറ്റി നിർത്തിയാൽ ബ്ലാസ്റ്റേഴ്സ് ശക്തമാണ് (ശരിക്കും) കഴിഞ്ഞ സീസണുകളെപ്പോലെയല്ല. ഇത്തവണ കളിച്ചു തെളിയിച്ച താരങ്ങളുണ്ട്. അതുകൊണ്ട് തന്നെ ഒരു പ്ലേ ഓഫ് ഇക്കൊല്ലം പ്രതീക്ഷിക്കുന്നതിൽ തെറ്റില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here