എറണാകുളത്ത് പോളിംഗ് മന്ദഗതിയിൽ

നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളത്ത് പോളിംഗ് മന്ദഗതിയിൽ തുടരുന്നു. ഉച്ച വരെ 25 ശതമാനത്തിൽ താഴെയാണ് പോളിംഗ് രേഖപ്പെടുത്തിയത്. ഇന്നലെ രാത്രി മുതൽ തോരാതെ പെയ്ത് കൊണ്ടിരിക്കുന്ന മഴയിൽ എറണാകുളം മണ്ഡലത്തിലെ ബൂത്തുകൾ ഉൾപ്പെടെ പല സ്ഥലങ്ങളും വെള്ളത്തിലായി. ഇതോടെ അവിടേക്ക് വോട്ടർമാർക്ക് നടന്നെത്താൻ പോലും കഴിയാത്ത സ്ഥിതിയാണ്. കനത്ത മഴ പോളിംഗ് ശതമാനത്തിൽ വൻ ഇടിവുണ്ടാക്കിയിട്ടുണ്ട്. തുടർന്ന് 11 ബൂത്തുകൾ മാറ്റി സ്ഥാപിച്ചു. അയ്യപ്പൻ കാവ്, കടാരിബാഗ് ഭാഗങ്ങളിലാണ് സ്ഥിതി രൂക്ഷമായത്. അരയോളം വെള്ളത്തിൽ മുങ്ങിയ പലയിടത്തും ഏറെ ബുദ്ധിമുട്ടിയാണ് വോട്ടർമാർ ബൂത്തിലെത്തിയത്.
പല ബൂത്തുകളിലും വൈദ്യുതി മുടങ്ങിയതും പ്രതിസന്ധി സൃഷ്ടിച്ചു. വെള്ളം കയറിയതിനെ തുടർന്ന് കലൂർ സബ് സ്റ്റേഷൻ പരിധിയിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതാണ് പ്രശ്‌നം രൂക്ഷമാക്കിയത്. 70 ശതമാനം ബൂത്തുകളിലും വെളിച്ചമില്ലെന്ന് കോൺഗ്രസ് നേതാവ് വി ഡി സതീശൻ ആരോപിച്ചു.
അതേ സമയം, എറണാകുളം നിയമസഭ മണ്ഡലത്തിൽ നിലവിൽ വോട്ടിംഗ് മാറ്റിവക്കേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടറുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ മാധ്യമങ്ങളോട് വ്യക്തമാക്കി. സ്ഥിതി ഗതികൾ നിരീക്ഷിച്ചു വരികയാണെന്നും പോളിംഗ് നടത്താൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും എറണാകുളം കളക്ടർ എസ് സുഹാസ് പറഞ്ഞു. ഉച്ചയോടെ മഴക്ക് നേരിയ ശമനം വന്നതോടെ പോളിംഗ് ശതമാനത്തിൽ വർധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പോളിംഗ് സമയം നീട്ടിനൽകണമെന്ന ആവശ്യം രാഷ്ട്രീയ പാർട്ടികൾ ഉന്നയിക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here