ദക്ഷിണാഫ്രിക്കക്ക് എട്ടു വിക്കറ്റുകൾ നഷ്ടം; ഇന്ത്യ കൂറ്റൻ ജയത്തിലേക്ക്

ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്കക്ക് എട്ടു വിക്കറ്റുകൾ നഷ്ടം. കളി ഫോളോ ഓൺ വഴങ്ങി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ 132 റൺസാണ് എടുത്തിട്ടുള്ളത്. ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റും ഉമേഷ് യാദവ് 2 വിക്കറ്റും വീഴ്ത്തി. റിട്ടയർഡ് ഹർട്ടായ ഡീൻ എൽഗറിൻ്റെ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട് തിയൂനിസ് ഡിബ്രുയിനാണ് പ്രോട്ടീസിൻ്റെ ടോപ്പ് സ്കോറർ. തിയൂനിസ് 30 റൺസെടുത്ത് പുറത്താവാതെ നിൽക്കുകയാണ്. ഇന്ത്യൻ സ്കോറിന് 203 റൺസ് പിന്നിലാണ് ദക്ഷിണാഫ്രിക്ക.

ആദ്യ ഇന്നിംഗ്സിൽ 162 റൺസിനു പുറത്തായ ദക്ഷിണാഫ്രിക്ക ഫോളോ ഓൺ വഴങ്ങി വീണ്ടും ബാറ്റിംഗിനിറങ്ങിയെങ്കിലും തകർച്ചയോടെയാണ് ഇന്നിംഗ്സ് ആരംഭിച്ചത്. രണ്ടാം ഓവറിൽ ആദ്യ വിക്കറ്റും മൂന്നാം ഓവറിൽ രണ്ടാം വിക്കറ്റും ദക്ഷിണാഫ്രിക്കക്ക് നഷ്ടമായി. ക്വിൻ്റൺ ഡികോക്ക് (5), കഴിഞ്ഞ ഇന്നിംഗ്സിലെ ടോപ്പ് സ്കോറർ സുബൈർ ഹംസ (0) എന്നിവരെ യഥാക്രമം ഉമേഷ് യാദവും മൊഹമ്മദ് ഷമിയും ക്ലീൻ ബൗൾഡാക്കി. ഫാഫ് ഡുപ്ലെസി (4), ടെംബ ബാവുമ (0) എന്നിവരെയും ഷമി തന്നെ പുറത്താക്കി. ഡുപ്ലെസിയെ വിക്കറ്റിനു മുന്നിൽ കുരുക്കിയ ഷമി ബാവുമയെ സാഹയുടെ കൈകളിലെത്തിച്ചു. ഇതിനിടെ നന്നായി ബാറ്റ് ചെയ്തു കൊണ്ടിരുന്ന ഡീൻ എൽഗർ റിട്ടയേർഡ് ഹർട്ടായി. ഉമേഷ് യാദവിൻ്റെ ബൗൺസർ ഹെൽമറ്റിലിടിച്ച് പവലിയനിലേക്കു മടങ്ങിയ എൽഗർ പിന്നെ മടങ്ങി വന്നില്ല. ഹെൻറിച്ച് ക്ലാസനെ (5) ഉമേഷ് യാദവ് വിക്കറ്റിനു മുന്നിൽ കുരുക്കിയതോടെ ദക്ഷിണാഫ്രിക്ക 36-5 എന്ന നിലയിലേക്ക് വീണു.

തുടർന്ന് ജോർജ് ലിൻഡെയും ഡെയിൻ പീട്ടും ആറാം വിക്കറ്റിൽ ഒത്തുചേർന്നു. 31 റൺസിൻ്റെ ചെറിയ കൂട്ടുകെട്ടുയർത്തിയ ഇരുവരെയും ഷഹബാസ് നദീം പിരിച്ചു. 27 റൺസെടുത്ത ലിൻഡെയെ റണ്ണൗട്ടാക്കിയാണ് നദീം ദക്ഷിണാഫ്രിക്കയെ വീണ്ടും അപകടത്തിലേക്ക് തള്ളിവിട്ടത്. ഏഴാം വിക്കറ്റിൽ തിയൂനിസ് ഡിബ്രുയിനും ഡെയിൻ പീട്ടും ചേർന്ന 31 റൺസ് കൂട്ടുകെട്ട് രവീന്ദ്ര ജഡേജ തകർത്തു. 23 റൺസെടുത്ത പീട്ടിനെ ജഡേജ ക്ലീൻ ബൗൾഡാക്കി. എട്ടാം വിക്കറ്റിൽ കഗീസോ റബാഡയും ഡിബ്രുയിനും ചേർന്ന കൂട്ടുകെട്ടിനും അധികം ആയുസ്സുണ്ടായില്ല. 12 റൺസെടുത്ത റബാഡയെ അശ്വിൻ്റെ പന്തിൽ ജഡേജ കൈപ്പിടിയിലൊതുക്കി.

രണ്ട് വിക്കറ്റുകൾ കൂടി അവശേഷിക്കെ ഇന്ത്യ വീണ്ടും ഒരു ഇന്നിംഗ്സ് ജയത്തിലേക്കാണ് നീങ്ങുന്നത്. അത് എത്ര ഓവർ വൈകുമെന്ന് മാത്രമാണ് അറിയാനുള്ളത്. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ നാളെ ഉച്ചക്ക് മുൻപു തന്നെ ഇന്ത്യ ഇന്നിംഗ്സ് ജയം കുറിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top