അസമോവ ഗ്യാൻ ഇന്നിറങ്ങും; സുനിൽ ഛേത്രിയും

ഐഎസ്എൽ ആറാം സീസണിൽ ഇന്ന് കരുത്തർ കൊമ്പുകോർക്കും. ഇന്ന് നടക്കുന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരു എഫ്സി നോർത്ത് ഈസ്റ്റിനെ നേരിടും. ബെംഗളൂരുവിൻ്റെ ഹോം ഗ്രൗണ്ട് ശ്രീകണ്ഠീവരയിലാണ് മത്സരം.
ഇരു ടീമുകളും ശക്തരായതു കൊണ്ട് തന്നെ ഒരു കടുത്ത പോരാട്ടത്തിനു തന്നെയാണ് സാധ്യത. ഘാന ഇതിഹാസം അസമോവ ഗ്യാൻ ആദ്യമായി ഇന്ത്യൻ മണ്ണിൽ കളിക്കാനിറങ്ങുന്ന എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. ഒന്നരപ്പതിറ്റാണ്ട് നീണ്ട കളിപരിചയവുമായാണ് ഗ്യാൻ ഇന്ത്യയിലെത്തുന്നത്. ഇംഗ്ലീഷ് ക്ലബുകളിൽ കളിച്ച് തെളിയിച്ച ഗ്യാൻ ഇന്ത്യൻ മണ്ണിൽ പച്ചപിടിക്കുമോ എന്ന ചോദ്യം മാത്രമാണ് ബാക്കി നിൽക്കുന്നത്. ഏറെക്കുറെ സന്തുലിതമായ ടീമാണ് നോർത്ത് ഈസ്റ്റ്. ഗ്യാനെ ഒറ്റ സ്ട്രൈക്കറാക്കിത്തന്നെയാവും നോർത്തീസ്റ്റ് ലൈനപ്പ്.
മറുവശത്ത് ബെംഗളൂരു എഫ്സി നിലവിലെ ചാമ്പ്യന്മാരാണ്. മുന്നേറ്റ നിരയിൽ സാക്ഷാൽ സുനിൽ ഛേത്രി തന്നെയാണ് പ്രധാന ആകർഷണം. കാർലോസ് ക്വദ്രത്ത് എന്ന ബ്രില്ല്യൻ്റ് പരിശീലകനും പ്രൊഫഷണലിസവും ചേരുന്ന ബെംഗളൂരു എഫ്സി ആഷിഖ് കുരുണിയൻ, ഉദാന്ത സിംഗ്, റഫേൽ അഗസ്റ്റോ, രാഹുൽ ഭേക്കെ, ഗുർപ്രീത് സിംഗ് സന്ധു. ഒരുപിടി മികച്ച താരങ്ങളാണ് ബെംഗളൂരു എഫ്സിയുടെ കരുത്ത്. ഛേത്രിയെ ഒറ്റ സ്ട്രൈക്കറാക്കി ആഷിഖിനെയും ഉദാന്തയെയും ഇരു വിങ്ങുകളായിട്ടാവും ക്വദ്രത്ത് ടീമിനെ ഇറക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here