ബോർഡുമായി വേതനത്തർക്കം; വിൻഡീസിനു പിന്നാലെ ബംഗ്ലാദേശ് ക്രിക്കറ്റിലും ആഭ്യന്തര പ്രശ്നം

വെസ്റ്റ് ഇൻഡീസിനു പിന്നാലെ ബംഗ്ലാദേശ് ക്രിക്കറ്റിലും ആഭ്യന്തര പ്രശ്നം. ബോർഡുമായി വേതനത്തർക്കമുണ്ടെന്നും ബംഗ്ലാദേശ് ക്രിക്കറ്റർമാർ സമരത്തിലേക്ക് നീങ്ങുന്നു എന്നുമാണ് റിപ്പോർട്ടുകൾ. ഇന്ന് വൈകുന്നേരം കളിക്കാർ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഈ വാർത്താസമ്മേളനത്തിൽ ഇക്കാര്യം വെളിപ്പെടുത്തുമെന്നാണ് അറിയാൻ കഴിയുന്നത്.

ബംഗ്ലാദേശ് പ്രീമിയർ ലീഗിലെ ഫ്രാഞ്ചസി മോഡൽ മാറ്റാൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചത് മുതൽക്കാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലെ മാച്ച് ഫീ അധികരിക്കാതിരുന്നതും കളിക്കാർക്കിടയിൽ മുറുമുറുപ്പുണ്ടാക്കി. ധാക്ക പ്രീമിയർ ലീഗിലെ ശമ്പള പരിഷ്കരണവും കളിക്കാരുടെ അസ്വാരസ്യങ്ങൾക്കിടയാക്കി. ഇത്തരം നീക്കങ്ങൾകെതിരെ ബംഗ്ലാദേശിൻ്റെ ടി-20, ടെസ്റ്റ് നായകൻ ഷാക്കിബ് അൽ ഹസൻ ഉൾപ്പെടെ പല മുതിർന്ന ക്രിക്കറ്റർമാരും രംഗത്തു വന്നിരുന്നു.

പല വശത്തു നിന്നും എതിർപ്പുയർന്നെങ്കിലും ബോർഡ് ഇതൊക്കെ അവഗണിച്ചതിനെത്തുടർന്നാണ് പരസ്യമായ പ്രതിഷേധങ്ങൾക്ക് തുടക്കമിടാൻ ക്രിക്കറ്റർമാർ തീരുമാനിച്ചത്. ബോർഡ് ദീർഘകാല പദ്ധതികൾ നടപ്പിലാക്കുന്നില്ലെന്നും അത് രാജ്യത്തെ ക്രിക്കറ്റ് ഭാവിയെത്തന്നെ തകർക്കുമെന്നുമാണ് വിഷയത്തിൽ ഷാക്കിബ് പ്രതികരിച്ചത്.

കളിക്കാർ സമരത്തിലേക്ക് നീങ്ങുകയാണെങ്കിൽ ബംഗ്ലദേശിനെതിരായ ഇന്ത്യയുടെ ടി-20 പരമ്പരയ്ക്കും അത് ഭീഷണിയാവും. അടുത്ത മാസം മുതലാണ് പരമ്പര ആരംഭിക്കുക.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More