സ്ത്രീകളെ ഒറ്റയ്ക്ക് ഉംറ നിർവഹിക്കാൻ അനുവദിക്കുന്നത് ഹജ്ജ് മന്ത്രാലയത്തിന്റെ പരിധിയിൽ വരില്ലെന്ന് അധികൃതർ

അടുത്ത ബന്ധുക്കളായ പുരുഷന്മാരുടെ തുണയില്ലാതെ സ്ത്രീകളെ ഉംറ നിർവഹിക്കാൻ അനുവദിക്കുന്ന കാര്യം ഹജ്ജ് മന്ത്രാലയത്തിന്റെ പരിധിയിൽ പെടില്ലെന്ന് അധികൃതർ അറിയിച്ചു. ഒറ്റയ്ക്ക് ഉംറ നിർവഹിക്കുന്നതിന് സ്ത്രീകൾക്ക് നിലവിലുള്ള വിലക്ക് നീക്കണമെന്ന അപേക്ഷയിൽ തീരുമാനമെടുക്കേണ്ടത് ബന്ധപ്പെട്ട മറ്റു വകുപ്പുകൾ ആണെന്ന് ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി.
അടുത്ത ബന്ധുക്കളായ പുരുഷൻ അഥവാ മഹ്‌റം കൂടെയില്ലാതെ വിദേശ വനിതകൾക്ക് ഉംറവിസ അനുവദിക്കില്ലെന്ന നിയമം റദ്ദാക്കാൻ സാധ്യതയുള്ളതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇക്കാര്യം പരിഗണിക്കാമെന്ന് സൗദി ഹജ്ജ് മന്ത്രാലയം ഉംറ സർവീസ് കമ്പനികൾക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ മഹ്‌റം ഇല്ലാതെ സ്ത്രീകൾക്ക് വിസ അനുവദിക്കുന്ന കാര്യം ഹജ്ജ് മന്ത്രാലയത്തിന്റെ പരിധിയിൽ പെടുന്ന വിഷയമല്ലെന്ന് മന്ത്രാലയം വക്താവ് ഹാതിം ഖാദി പറഞ്ഞു.
ഈ നിയമം റദ്ദാക്കാനുള്ള അപേക്ഷ ഹജ്ജ് ഉംറ മന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ട്. എന്നാൽ ബന്ധപ്പെട്ട മറ്റു സർക്കാർ വകുപ്പുകളുമായി കൂടിയാലോചിച്ച് മാത്രമേ ഇക്കാര്യത്തിൽ ഒരു തീരുമാനത്തിലെത്താൻ സാധിക്കുകയുള്ളൂ എന്ന് ഹാതിം ഖാദി പറഞ്ഞു. ഉംറ പാക്കേജ് ഫീസ് മണി ട്രാൻഫർ വഴി മന്ത്രാലയത്തിൽ അടയ്ക്കണമെന്ന നിയമത്തിൽ നിന്നും മണി ട്രാൻസ്ഫർ സംവിധാനം ഇല്ലാത്ത രാജ്യങ്ങളെ ഒഴിവാക്കണമെന്ന് ഹജ്ജ്-ഉംറ മന്ത്രിയോട് അഭ്യർത്ഥിച്ചതായും അദ്ദേഹം പറഞ്ഞു. ആകെ പതിനൊന്ന് ആവശ്യങ്ങളാണ് ചേംബർ ഓഫ് കൊമേഴ്‌സ്, ഹജ്ജ് ഉംറ കമ്പനികൾ എന്നിവയുടെ പ്രതിനിധികൾ ഹജ്ജ് മന്ത്രാലയത്തിന് മുന്നിൽ വച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here