ഭാരത് പെട്രോളിയം ഓഹരി വിൽപന: ടെൻഡർ തിയതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

ഭാരത് പെട്രോളിയം ഓഹരി വിൽപനക്കുള്ള ടെൻഡർ തിയതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ബിപിസിഎൽ ലേലത്തിൽ പങ്കെടുക്കുന്ന കമ്പനികളുടെ ടെൻഡർ നവംബർ നാലിന് തുറക്കും. നവംബർ 11ന് അല്ലെങ്കിൽ 12ന് ഓഹരികൾ കൈമാറുന്ന വിദേശകമ്പനിയെ പ്രഖ്യാപിക്കാനും തീരുമാനമായിട്ടുണ്ട്.
ഓഹരികൾ 60,000 കോടി രൂപക്ക് വിൽക്കുമെന്നും ഭാരത് പെട്രോളിയത്തിന്റെ 14,800 പമ്പുകളും സ്വകാര്യവത്ക്കരിക്കുമെന്നും സർക്കാർ പറയുന്നു.
മുംബൈ, കൊച്ചി, നുമാലിഗഡ്, ബിന എന്നിവിടങ്ങളിലെ റിഫൈനറികൾ, മൊസാമ്പിക്കിലെ എണ്ണപ്പാടത്തിലുള്ള 10 ശതമാനം നിക്ഷേപം എന്നിവയും സ്വകാര്യവൽക്കരണ പട്ടികയിൽ ഉണ്ട്.
ബിപിസിഎല്ലിൽ സർക്കാരിന് 53.29 ശതമാനം ഓഹരിയാണ് ഉള്ളത്. ‘ബർമ്മ ഷെൽ’ എന്ന പേരിൽ 1920ൽ ആണ് ബിപിസിഎൽ ആരംഭിച്ചത്. 1974ലെ എസോ ആക്ട്, 1976ലെ ബർമ്മ ഷെൽ ആക്ട് എന്നിവ വഴി കേന്ദ്രസർക്കാർ ബിപിസിഎല്ലിനെ ദേശസാൽക്കരിച്ചു. ഈ നിയമം അനുസരിച്ച് ബിപിസിഎല്ലിന്റെ ഓഹരികൾ വിൽക്കാൻ പാർലമെന്റിന്റെ അനുമതി വേണമെന്നാണ് നിബന്ധന.
Read Also: ബിപിസിഎൽ സ്വകാര്യവത്കരണം ഉപേക്ഷിക്കണം; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു
2003ൽ വാജ്‌പേയി സർക്കാർ ബിപിസിഎൽ ഓഹരികൾ വിൽക്കാൻ ശ്രമിച്ചപ്പോൾ ഉണ്ടായ വിവാദങ്ങൾ രാജ്യത്ത് കത്തിപ്പടർന്നിരുന്നു. അന്ന് വിഷയത്തിൽ ഇടപെട്ട സുപ്രിംകോടതി 1974ലെ എസോ ആക്ട്, 1976ലെ ബർമ്മ ഷെൽ ആക്ട് എന്നീ നിയമങ്ങൾ ചൂണ്ടിക്കാട്ടി ഓഹരി വിൽപ്പന തടഞ്ഞു. രണ്ട് നിയമങ്ങളിലും പറയും പോലെ പാർലമെന്റിന്റെ അനുമതി തേടാനായിരുന്നു നിർദ്ദേശം. അതോടെ അന്ന് ബിപിസിഎൽ വിൽക്കാനുള്ള നീക്കം നടന്നില്ല.
എന്നാൽ ഇപ്പോൾ ഈ നിയമങ്ങൾ കാലഹരണപ്പെട്ടതായാണ് കേന്ദ്രസർക്കാർ നിലപാട്. 2016ൽ കേന്ദ്രസർക്കാർ ‘അനാവശ്യവുംകാലഹരണപ്പെട്ടതുമായ’ 187 നിയമങ്ങൾ റദ്ദാക്കിയ കൂട്ടത്തിൽ ഈ ചട്ടവും ഇല്ലാതായി എന്ന് ക്യാബിനെറ്റ് സെക്രട്ടറി സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here