കളിയുടെ 13ആം സെക്കൻഡിൽ ചുവപ്പുകാർഡ്; നാണക്കേടിന്റെ റെക്കോർഡിട്ട് ഗോൾകീപ്പർ: വീഡിയോ

കളിയുടെ 13ആം സെക്കൻഡിൽ തന്നെ ചുവപ്പുകാർഡ് കണ്ട തുർക്കിഷ് ഗോൾ കീപ്പറിന് നാണക്കേടിൻ്റെ റെക്കോർഡ്. തുര്‍ക്കി സൂപ്പര്‍ ലീഗിൽ നടന്ന പോരാട്ടത്തില്‍ കോന്യസ്‌പോറിന്റെ ഗോളി സെര്‍കന്‍ കിരിന്റിലിയാണ് ലീഗിൽ ഏറ്റവും വേഗത്തിൽ ചുവപ്പുകാർഡ് ലഭിക്കുന്ന താരമെന്ന നാണക്കേടിൻ്റെ റെക്കോർഡ് സ്വന്തമാക്കിയത്.

കോന്യസ്പോർ-മറ്റിയസ്പോർ മത്സരത്തിനിടയിലായിരുന്നു സംഭവം. കളി തുടങ്ങി മധ്യനിരയിലെ ചില നീക്കങ്ങൾക്കു ശേഷം മറ്റിയസ്പോറിലെ ഒരു കളിക്കാരൻ ആക്രമണത്തിനായി ഓടുന്ന കളിക്കാരനു പാകത്തിൽ ഒരു ലോംഗ് ബോൾ പായിച്ചു. താരം പന്തിനടുത്ത് എത്തുന്നതിനു മുൻപ് തന്നെ ഗോളി പന്ത് കൈകൊണ്ട് പിടിച്ചു. എന്നാൽ ഉടൻ തന്നെ അദ്ദേഹം പന്ത് താഴെയിട്ട് നിരാശനായി പുറത്തേക്ക് നടന്നു. പുറത്തേക്ക് പോവുന്നതിനിടെ റഫറി വക ചുവപ്പു കാർഡ്. പെനൽട്ടി ബോക്സിനു പുറത്തു വെച്ചാണ് സെര്‍കന്‍ പന്ത് പിടിച്ചത്. ഇതാണ് അദ്ദേഹത്തിനു ചുവപ്പുകാർഡ് കിട്ടാൻ കാരണം.

ഫുട്ബോൾ ചരിത്രത്തിൽ തന്നെ ഏറ്റവും വേഗത്തിൽ റെഡ്കാർഡ് കിട്ടിയത് ഇംഗ്ലണ്ട് താരം ലീ ടോഡിനാണ്. മൂന്നാം സെക്കൻഡിലാണ് ടോഡിനു കാർഡ് ലഭിച്ചത്. കളി തുടങ്ങാനായി റഫറി വിസിൽ അടിച്ചപ്പോൾ ശാപവാക്കുച്ചരിച്ച് വിസിലിനു ഭയങ്കര ശബ്ദമാണെന്നു പറഞ്ഞതിനാണ് ടോഡിന് മാർച്ചിംഗ് ഓർഡർ ലഭിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top