വിധി ബലാത്സംഗം പോലെയെന്ന് ഹൈബി ഈഡന്റെ ഭാര്യ; വിവാദമായപ്പോൾ ഖേദപ്രകടനം

എറണാകുളം എംപി ഹൈബി ഈഡന്റെ ഭാര്യ അന്ന ലിൻഡ ഈഡന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായി. വിധി ബലാത്സംഗം പോലെയാണെന്നും തടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ആസ്വദിക്കാൻ ശ്രമിക്കണമെന്ന പോസ്റ്റാണ് വിവാദമായത്. പോസ്റ്റ് വിവാദമായതിനെ തുടർന്ന് അന്ന ലിൻഡ ഈഡൻ പോസ്റ്റ് പിൻവലിക്കുകയും മാപ്പ് പറയുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം എറണാകുളത്ത് പ്രളയത്തിന് സമാനമായ വെള്ളക്കെട്ട് ഉണ്ടായിരുന്നു. ഈ മഴയിൽ ഹൈബി ഈഡന്റെ വീട്ടിലും വെള്ളം കയറി. വീട്ടിന് ചുറ്റും വെള്ളം നിറഞ്ഞപ്പോൾ റെസ്‌ക്യൂ ബോട്ടിൽ കുഞ്ഞിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന വീഡിയോയും ഒപ്പം സ്ഥലത്തില്ലാത്ത ഹൈബി ഈഡൻ എം.പി ഐസ്‌ക്രീം കഴിക്കുന്ന വീഡിയോയും ഉൾപ്പെടുത്തിയുള്ളതായിരുന്നു പോസ്റ്റ്. വിധി ബലാത്സംഗം പോലെ, തടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ആസ്വദിക്കാൻ ശ്രമിക്കുക’. ഇതായിരുന്നു വിവാദമായ ഒറ്റവരി പോസ്റ്റ്.

പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെ അന്ന ലിൻഡ ഈഡൻ പോസ്റ്റ് പിൻവലിച്ചു. പക്ഷേ പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ട് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. പോസ്റ്റ് പിൻവലിക്കും മുൻപേ 250 ഓളം പേർ പോസ്റ്റിന് പ്രതികരണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അന്ന ഖേദപ്രകടനം നടത്തിയത്. സോഷ്യൽ മീഡിയയിൽ താൻ ഉപയോഗിച്ച വാക്കുകൾ തന്റെ ഉദ്ദേശങ്ങൾക്കപ്പുറം ചർച്ച ചെയ്യപ്പെട്ടു. ജീവിതത്തിൽ അത്തരം ദുരവസ്ഥയിലൂടെ കടന്ന് പോയവർക്ക് മാനസിക വിഷമം ഉണ്ടാക്കുന്നതാണെന്നും മനസിലാക്കുന്നു. തന്റെ പോസ്റ്റിൽ തെറ്റിദ്ധാരണ ഉണ്ടായതിൽ വിഷമമുണ്ടെന്നും സംഭവിച്ചതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും അന്ന ഫേസ്ബുക്കിൽ കുറിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top