ന്യൂനമര്‍ദം; 24 മണിക്കൂറിനുള്ളില്‍ തീവ്രമാകും

അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം 24 മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദമാകാന്‍ സാധ്യത. ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ സാധ്യതയുണ്ട്. സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇന്ന് അതിതീവ്രമായ മഴയ്ക്കും നാളെ മുതല്‍ മൂന്ന് ദിവസങ്ങളില്‍ അതിശക്തമായ മഴയും പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി മാറുന്നതിനൊപ്പം ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ സാധ്യതയുമാണ് സംസ്ഥാനത്ത് മഴ കനക്കാന്‍ കാരണം.
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ റെഡ് അലേര്‍ട്ടും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടുംതിരുവനന്തപുരത്ത് യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. നാളെപത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്.
ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളും, പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണം. മഴക്കെടുതി നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ സജ്ജമെന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം വിലയിരുത്തി. ദുരന്ത സാഹചര്യമുണ്ടായാല്‍ നേരിടാന്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ നിലവിലുള്ള നാലു സംഘങ്ങളെ കൂടാതെ അഞ്ച് സംഘങ്ങളെ അധികമായി ആവശ്യപ്പെട്ടിട്ടുണ്ട്.
മുമ്പ് ദുരന്തമുണ്ടായ സ്ഥലങ്ങളിലും ദുരന്ത സാധ്യതയുള്ള സ്ഥലങ്ങളിലും താമസിക്കുന്നവരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള നടപടി സ്വീകരിക്കാനും കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.ആവശ്യമുള്ള സ്ഥലങ്ങളില്‍ ക്യാമ്പുകള്‍ ആരംഭിക്കാനും ജില്ലാ കളക്ടര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ട്.
മലയോര മേഖലകളിലും തീരദേശ ജലാശയ മേഖലകളിലും വിനോദ സഞ്ചാരത്തിന് പോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലും ഡാമുകള്‍ക്കു സമീപവും താമസിക്കുന്നവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം. മണിക്കൂറില്‍ പരമാവധി 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് പൂര്‍ണമായി വിലക്കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here