തെന്നിന്ത്യൻ ഇതിഹാസങ്ങൾ: വോഗ് മാഗസിന്റെ പട്ടികയിൽ മമ്മൂട്ടിയും ശോഭനയും

പ്രശസ്ത ഫാഷൻ മാഗസിനായ വോഗ് പുറത്തുവിട്ട തെന്നിന്ത്യൻ ഇതിഹാസങ്ങളുടെ പട്ടികയിൽ മമ്മൂട്ടിയും ശോഭനയും. എട്ട് താരങ്ങളുടെ പട്ടികയാണ് വോഗ് പുറത്തുവിട്ടത്. പട്ടികയിൽ മോഹൻലാൽ ഉൾപ്പെട്ടിട്ടില്ല. അഞ്ച് നടന്മാരും മൂന്ന് നടിമാരുമാണ് പട്ടികയിലുള്ളത്.
ന്യൂ ഡൽഹി, ഒരു വടക്കൻ വീരഗാഥ, സേതുരാമയ്യർ സീരീസ് ഫ്രാഞ്ചസി തുടങ്ങിയ സിനിമകളിലൂടെ 1980-90 കാലഘട്ടങ്ങളില്‍ മോളിവുഡ് ഇന്‍ഡസ്ട്രിയെ അടക്കി ഭരിച്ചയാളാണ് മമ്മൂട്ടി എന്ന് വോഗ് പറയുന്നു. അടുത്തിടെ റിലീസായ ചിത്രം ‘ഉണ്ട’യെപ്പറ്റിയും വോഗിൽ പരാമർശമുണ്ട്. ദ മാസ്റ്ററെന്നാണ് വോഗ് മാഗസിന്‍ മമ്മൂട്ടിയെ വിശേഷിപ്പിച്ചിരിക്കുന്നത്.
വെഴ്സറ്റൈൽ ജീനിയസ് എന്നാണ് ശോഭനയെ മാഗസിൻ പരിചയപ്പെടുത്തുന്നത്. മലയാളം കൂടാതെ, തെന്നിന്ത്യൻ ഭാഷകളിലും ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും ശോഭന മികച്ച പ്രകടനങ്ങൾ നടത്തിയിട്ടുണ്ടെന്ന് മാഗസിൻ പറയുന്നു. മണിച്ചിത്രത്താഴിലെ ശോഭനയുടെ അഭിനയത്തെപ്പറ്റിയും മാഗസിൻ പ്രതിപാദിക്കുന്നു.
മമ്മൂട്ടിയെ കൂടാതെ കമൽ ഹാസൻ, രജനികാന്ത്, ചിരഞ്ജീവി, നാഗാർജ്ജുന, ശോഭന, രമ്യാ കൃഷ്ണന്‍, വിജയശാന്തി എന്നിവരാണ് പട്ടികയിലുള്ളത്.
അതേസമയം, മോഹൻലാലില്ലാതെ ഈ പട്ടിക പൂർണ്ണമാവില്ലെന്നാണ് ആരാധകരുടെ അഭിപ്രായം. ഈ വിഷയത്തിൽ വ്യാപക ചർച്ചകളും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here