Advertisement

ഐഎന്‍എക്‌സ് മീഡിയ കേസ്; പി. ചിദംബരത്തിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

October 22, 2019
0 minutes Read

ഐഎന്‍എക്‌സ് മീഡിയ കേസുമായി ബന്ധപ്പെട്ട് പി. ചിദംബരം സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് ആര്‍. ബാനുമതി അധ്യക്ഷയായ ബെഞ്ചാണ് വിധി പറയുന്നത്. ജാമ്യാപേക്ഷയെ സിബിഐ ശക്തമായി എതിര്‍ത്തിരുന്നു. അതേസമയം, എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ അറസ്റ്റിലായ സാഹചര്യത്തില്‍ ജാമ്യം ലഭിച്ചാലും ചിദംബരത്തിന് ഉടന്‍ പുറത്തിറങ്ങാനാകില്ല.

സിബിഐ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നാണ് പി. ചിദംബരത്തിന്റെ ആവശ്യം. കേസ് അന്വേഷണം പൂര്‍ത്തിയായി. രാഷ്ട്രീയ പകപോക്കലിന് ഇരയാണ് താനെന്നും ചിദംബരം കോടതിയില്‍ വാദിച്ചു.

എന്നാല്‍, വിചാരണ തുടങ്ങും വരെ ജാമ്യം നല്‍കരുതെന്നാണ് സിബിഐ വാദം. സാക്ഷികളെ സ്വാധീനിക്കുമെന്നും നേരത്തെ ചില സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് തെളിവുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ജസ്റ്റിസ് ആര്‍. ബാനുമതി അധ്യക്ഷയായ ബെഞ്ചിനെ അറിയിച്ചിരുന്നു. ചിദംബരം രാജ്യം വിടാന്‍ സാധ്യതയുണ്ടെന്നും വ്യക്തമാക്കി. എന്നാലിത് ഡല്‍ഹി ഹൈക്കോടതി പോലും തള്ളിയ വാദമാണെന്ന് ചിദംബരത്തിന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ തിരിച്ചടിച്ചു.

സാക്ഷികളെ സ്വാധീനിക്കുമെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ചിദംബരം സുപ്രീംകോടതിയെ സമീപിച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് ഇരുപത്തിയൊന്നിനാണ് ഡല്‍ഹി ജോര്‍ബാഗിലെ വസതിയില്‍ നിന്ന് ചിദംബരത്തെ സിബിഐ കസ്റ്റഡിയിലെടുത്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top