ദക്ഷിണാഫ്രിക്ക ഓൾഔട്ടായത് നദീമിന്റെ വിചിത്ര ക്യാച്ചിൽ; വീഡിയോ

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ നടന്ന മൂന്നാം ടെസ്റ്റ് മത്സരത്തിൽ ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടിരുന്നു. ഒരുദിനം ശേഷിക്കേ ഇന്നിംഗ്‌സിനും 202 റണ്‍സിനുമായിരുന്നു ഇന്ത്യന്‍ ജയം. ആദ്യ രണ്ട് ടെസ്റ്റുകളും വിജയിച്ച ഇന്ത്യ ഇതോടെ ടെസ്റ്റ് പരമ്പര തൂത്തുവാരി. മത്സരത്തിലെ രണ്ടാം ഇന്നിംഗ്സിൽ ലുങ്കി എങ്കിടിയുടെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കക്ക് ഏറ്റവും അവസാനം നഷ്ടമായത്. വിചിത്രമായ ഒരു ക്യാച്ചിലൂടെ അരങ്ങേറ്റക്കാരൻ ഷഹബാസ് നദീമാണ് എങ്കിടിയെ പുറത്താക്കിയത്.

നദീമിൻ്റെ പന്തിൽ തിയൂനിസ് ഡിബ്രുയിൻ പുറത്തായപ്പോഴാണ് എങ്കിടി ക്രീസിലെത്തിയത്. നേരിട്ട ആദ്യ പന്ത് തന്നെ എങ്കിടി ആക്രമിച്ചു. ബൗളറുടെ വലതു വശത്തുകൂടി ലോംഗ് ഓണിലേക്ക് പന്ത് അതിർത്തി കടത്താനായിരുന്നു എങ്കിടിയുടെ ശ്രമം. എന്നാൽ എങ്കിടിയുടെ ഷോട്ട് നോണ്‍ സ്‌ട്രൈക്കർ എന്‍ഡില്‍ നിന്ന ആൻറിച് നോർദേയുടെ തോളിലായിരുന്നു. തോളിൽ ഇടിച്ച് ഉയർന്നു പൊങ്ങിയ പന്ത് നദീം അനായാസം കൈപ്പിടിയിലൊതുക്കി. നദീമിൻ്റെ അപ്പീൽ ശരിവെച്ച് അമ്പയർ ചൂണ്ടു വിരൽ ഉയർത്തി.

മത്സരത്തിൽ ഇന്ത്യ 497 റൺസ് എടുത്ത് ആദ്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തിരുന്നു. ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സിൽ 162 റൺസിനും രണ്ടാം ഇന്നിംഗ്‌സില്‍ 133 റണ്‍സിനും പുറത്തായി. ഇന്ത്യക്കായി ഇരട്ടസെഞ്ചുറി നേടിയ ഓപ്പണർ രോഹിത് ശർമ്മയാണ് മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയത്. രോഹിത് തന്നെയാണ് മാൻ ഓഫ് ദ് സീരീസും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top