വോട്ടെണ്ണല്‍ തുടങ്ങി; ആര് ലഡു കഴിക്കും, ആര് മറിച്ചുവില്‍ക്കും

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന വിശേഷണത്തോടെയാണ് മുന്നണികള്‍ അഞ്ചിടങ്ങളിലെ ഉപതെരഞ്ഞെടുപ്പിനെ നേരിടുന്നത്. അതുകൊണ്ടുതന്നെ രണ്ടു വര്‍ഷത്തിനുള്ളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനോളം തന്നെ പ്രാധാന്യമുള്ളതാണ് മുന്നണികള്‍ക്ക് ഉപതെരഞ്ഞെടുപ്പ്.
ജയിക്കാതിരുന്ന പാലായില്‍ ജയിച്ചതിന്റെ ആത്മവിശ്വാസവുമായാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. വോട്ട് കച്ചവട ആരോപണം ഇത്തവണയും കളം നിറഞ്ഞിട്ടുണ്ട്. കിഫ്ബിയും കണ്ണൂര്‍ വിമാനത്താവളവും സിഎജി ഓഡിറ്റിംഗും മാര്‍ക്ക്ദാന വിവാദവുമെല്ലാം യുഡിഎഫ് പ്രചാരണ വിഷയമാക്കി. മൂന്നു വര്‍ഷത്തെ വികസന നേട്ടങ്ങളും പാലാരിവട്ടം മേല്‍പാല അഴിമതിയും എല്‍ഡിഎഫ് പ്രചാരണ വിഷയമാക്കി. കേന്ദ്രഭരണത്തിലെ മികവുകളും ശബരിമലയും പ്രധാന ചര്‍ച്ചാവിഷയങ്ങളാക്കാനാണ് ബിജെപി ശ്രമിച്ചത്.
രാഷ്ട്രീയത്തെക്കാള്‍ വര്‍ഗീയതയും മറ്റും ചര്‍ച്ചയായ തെരഞ്ഞെടുപ്പിന്റെ ഫലം പ്രവചിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ക്കുപോലും സാധിക്കുന്നില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. എന്‍എസ്എസിന്റെ പരസ്യ പിന്തുണയും ശബരിമല പ്രശ്‌നവുമെല്ലാം തുണയാകുമെന്ന കണക്കുകൂട്ടലിലാണ് അവസാന മണിക്കൂറിലും യുഡിഎഫ്.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലാകും തെരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പറഞ്ഞ സാഹചര്യത്തില്‍ പരാജയം സര്‍ക്കാരിലും മുന്നണിയിലും പ്രതിസന്ധി തീര്‍ക്കും. കാസര്‍ഗോഡ്, എറണാകുളം മണ്ഡലങ്ങളില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കാനാകുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. കോന്നിയിലും വട്ടിയൂര്‍ക്കാവിലും അരൂരിലും ഭൂരിപക്ഷം കുറവാണെങ്കിലും വിജയിക്കും.
എന്നാല്‍ കോന്നി, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങല്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ തിരിച്ചടിയായിട്ടുണ്ടോ എന്ന് സംശയവും യുഡിഎഫിനുണ്ട്. ഈ പശ്ചാത്തലത്തിലാണ് വട്ടിയൂര്‍ക്കാവില്‍ ആര്‍എസ്എസ് സിപിഐഎമ്മിന് വോട്ട് മറിച്ചെന്ന കെ മുരളീധരന്റെ ആരോപണം.
സിപിഐഎമ്മാകട്ടെ രണ്ട് സീറ്റെങ്കിലും അധികം പിടിക്കാനാകുമെന്നാണ് കണക്കുകൂട്ടുന്നത്. കോന്നിയിലും വട്ടിയൂര്‍ക്കാവിലും അട്ടിമറിയും പ്രതീക്ഷിക്കുന്നു. ഉപതെരഞ്ഞെടുപ്പോടെ ബിജെപിയില്‍ അഭ്യന്തര പ്രശ്‌നം രൂക്ഷമായി. രണ്ടിടത്ത് രണ്ടാം സ്ഥാനവും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോന്നിയില്‍ ഉണ്ടായ വോട്ട് വര്‍ധനവും നിലനിര്‍ത്തുകയാണ് പ്രധാന വെല്ലുവിളി. സ്ഥാനാര്‍ത്ഥി നിര്‍ണയം മുതലുള്ള പ്രശ്‌നങ്ങള്‍ വോട്ടെടുപ്പ് തീര്‍ന്നിട്ടും ഒഴിഞ്ഞിട്ടില്ല.
മഞ്ചേശ്വരം
ത്രികോണ മത്സരം നടന്ന മഞ്ചേശ്വരത്ത് കണക്കുകൂട്ടലുകള്‍ സങ്കീര്‍ണമാണ്. 75.78 ശതമാനമാണ് മഞ്ചേശ്വരത്തെ പോളിംഗ്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ .55 ശതമാനത്തിന്റെ മാത്രം കുറവ്. യുഡിഎഫ് ഭരിക്കുന്ന വോര്‍ക്കാടി പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് 79 ശതമാനത്തിലേറെ. യുഡിഫിന്റെ ശക്തികേന്ദ്രമായ മംഗല്‍പ്പാടിയാണ് പോളിംഗില്‍ ഏറ്റവും പിന്നില്‍. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള മംഗല്‍പ്പാടിയില്‍ 74 ശതമാനത്തില്‍ താഴെയാണ് പോളിംഗ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഒന്നാമതെത്തിയ മീഞ്ച, പൈവളിഗെ, എന്‍മഗജെ എന്നീ പഞ്ചായത്തുകളില്‍ ഇത്തവണ മികച്ച പോളിംഗ് രേഖപ്പെടുത്തിയത് യുഡിഎഫ് ക്യാമ്പില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്. ഈ മേഖലകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നേട്ടമുണ്ടാക്കുമെന്ന ആശങ്ക ബിജെപിക്കുമുണ്ട്. സിപിഐഎം ശക്തികേന്ദ്രമായ പുത്തിഗെയിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. ന്യൂനപക്ഷ വോട്ടില്‍ വിള്ളല്‍ ഉണ്ടായിട്ടില്ലെന്നാണ് യുഡിഎഫിന്റെ വിലയിരുത്തല്‍. എന്നാല്‍ ഹിന്ദു വോട്ടിന്റെ കാര്യത്തില്‍ ഈ ആത്മവിശ്വാസം ബിജെപിക്കില്ല. ഏറ്റവും ശക്തമായ ത്രികോണ മത്സരം നടന്ന മഞ്ചേശ്വരം മണ്ഡലത്തില്‍ ജനവികാരം ആര്‍ക്ക് അനുകൂലമാണെന്ന് കാത്തിരുന്ന് കാണേണ്ടിവരും
എറണാകുളം
എറണാകുളത്ത് പോളിംഗ് ശതമാനം കുറഞ്ഞെങ്കിലും വിജയ പ്രതീക്ഷ എല്‍ഡിഎഫും യുഡിഎഫും കൈവിടുന്നില്ല. വിജയമുറപ്പാണെന്ന് യുഡിഎഫ് അവകാശപ്പെടുമ്പോഴും അട്ടിമറി പ്രതീക്ഷിക്കുന്നുണ്ട് ഇടത് മുന്നണി. പിന്നോക്ക മേഖലകളില്‍ വെള്ളക്കെട്ട് മൂലം പലരും വോട്ട് ചെയ്യാന്‍ എത്താതിരുന്നത് എല്‍ഡിഎഫ് പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചു. എങ്കിലും ഇടത് മുന്നണിയുടെ കണക്കുകൂട്ടലുകളില്‍ 5000 ത്തില്‍ താഴെ ഭൂരിപക്ഷം ഉറപ്പിക്കുന്നു. എഴുപത് മുതല്‍ 72 ശതമാനം വരെ പോളിംഗ് രേഖപ്പെടുത്തുമെന്നായിരുന്നു യുഡിഎഫ് പ്രതീക്ഷ. അങ്ങനെയായിരുന്നെങ്കില്‍ 25,000 ത്തില്‍ അധികം ഭൂരിപക്ഷവും പ്രതീക്ഷിച്ചു. എന്നാല്‍ മഴയും വെള്ളക്കെട്ടും കാരണം 57.89 ശതമാനത്തില്‍ ഒതുങ്ങി പോളിംഗ്. മുന്‍ തെരഞ്ഞെടുപ്പിനേക്കാള്‍ 15,000 വോട്ടുകളുടെ കുറവാണുള്ളത്. എന്നാല്‍ മുന്‍ വര്‍ഷങ്ങളേക്കാള്‍ ഭൂരിപക്ഷം കുറയുമെങ്കിലും വിജയം ഉറപ്പെന്ന് യുഡിഎഫും അവകാശപ്പെടുന്നു.
അരൂര്‍
പത്തുവര്‍ഷത്തിനിടെ അരൂരില്‍ ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തിയത് ഈ ഉപതെരഞ്ഞെടുപ്പിലാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 3.19 ശതമാനത്തിന്റെ കുറവുണ്ടെങ്കിലും ഇടത് വലത് മുന്നണികള്‍ക്ക് പ്രതീക്ഷയ്ക്ക്് കുറവില്ല. അട്ടിമറി വിജയം അവകാശപ്പെട്ട എന്‍ഡിഎയ്ക്ക് വോട്ട് ചോര്‍ച്ചയിലാണ് പേടി. അരൂര്‍, അരൂക്കുറ്റി, എഴുപുന്ന, കുത്തിയതോട് എന്നീ നാല് പഞ്ചായത്തുകളില്‍ വ്യക്തമായ ലീഡ് ഉണ്ടാകുമെന്നും തുറവൂരില്‍ ഒപ്പത്തിനൊപ്പം എത്തുമെന്നുമെന്നുമാണ് യുഡിഎഫ് വിലയിരുത്തല്‍. പരമ്പരാഗത വോട്ടുകള്‍ക്കൊപ്പം എന്‍ഡിഎയില്‍ നിന്നും ചോര്‍ന്നുകിട്ടുന്നതില്‍ ഭൂരിഭാഗവും ലഭിക്കുമെന്നാണ് പ്രതീക്ഷ. കോടംതുരുത്ത്, തൈക്കാട്ടുശേരി, പള്ളിപ്പുറം. തുറവൂര്‍, പാണാവള്ളി, പെരുമ്പളം എന്നിവിടങ്ങളിലെ മുന്നേറ്റമാണ് ഇടതുപക്ഷം അവകാശപ്പെടുന്നത്. ധീവര സമുദായത്തിന്റെയും എസ്എന്‍ഡിപി യോഗം വഴി ഈഴവ വിഭാഗത്തിന്റെ പിന്തുണയും കിട്ടുമെന്നാണ് കണക്കുകൂട്ടല്‍. മുസ്‌ലിം വോട്ടുകള്‍ യുഡിഎഫിനാണ് അനുകൂലമാകുന്നതെങ്കില്‍ ക്രിസ്ത്യന്‍ വിഭാഗത്തിന്റെ വോട്ടുകള്‍ കിട്ടുമെന്ന് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നു. ഒപ്പം എന്‍ഡിഎയില്‍ നിന്നും ചോരുന്ന ബിഡിജെഎസ് വോട്ടുകള്‍ ഇടതുപക്ഷത്തിന് വലിയ നേട്ടം സമ്മാനിക്കുമെന്നും വിലയിരുത്തലുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കിട്ടിയ വോട്ടുകള്‍ നിലനിര്‍ത്താനാകുമോ എന്ന ആശങ്കയിലാണ് എന്‍ഡിഎ.
കോന്നി
കിട്ടുന്ന വോട്ടുകളും കൈവിട്ടുപോകുന്ന വോട്ടും തമ്മിലുള്ള കണക്കുകൂട്ടലിലാണ് കോന്നിയില്‍ മുന്നണികള്‍. 23 വര്‍ഷം അടൂര്‍ പ്രകാശ് കാത്ത കോന്നിയെ മോഹന്‍രാജ് നിലനിര്‍ത്തുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. എതിരാളികളുടെ വോട്ട് പോലും അനുകൂലമാക്കി മാറ്റുന്ന രാഷ്ട്രീയ തന്ത്രം കൊണ്ട് അടൂര്‍ പ്രകാശ് തുടര്‍ച്ചയായി ജയിച്ച മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതലുണ്ടായ കലഹങ്ങള്‍ വോട്ടിലും പ്രതിഫലിക്കുമോ എന്നത് കോണ്‍ഗ്രസിന്റെ നെഞ്ചിടിപ്പ് കൂട്ടുന്നു. കരുത്തുറ്റ സംഘടനാ സംവിധാനം ഉണ്ടായിട്ടും രണ്ടു പതിറ്റാണ്ടായി അടൂര്‍ പ്രകാശിനു മുന്നില്‍ അടിയറവു പറയുന്ന ഇടതു മുന്നണിക്ക് കോന്നിയില്‍ ഇത്തവണ ജയിച്ചു മുന്നേറാനാകുമെന്നാണ് പ്രതീക്ഷ. അതേസമയം സാമുദായിക വോട്ടുകളില്‍ ഉണ്ടായേക്കാവുന്ന അടിയൊഴുക്കുകളില്‍ പാര്‍ട്ടിക്കും ആശങ്കയുണ്ട്. മഞ്ചേശ്വരം ഉപേക്ഷിച്ച് കോന്നിയില്‍ എത്തിയ കെ സുരേന്ദ്രനിലൂടെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് സമാനമായ മുന്നേറ്റം ആവര്‍ത്തിക്കാനാകുമെന്ന വിശ്വാസമാണ് ബിജെപിക്കുള്ളത്. വോട്ട് കുറഞ്ഞാല്‍ രാഷ്ട്രീയ ആരോപണങ്ങള്‍ ഏറ്റവുമധികം നേരിടേണ്ടിവരുന്നതും ബിജെപിയാകും.
വട്ടിയൂര്‍ക്കാവ്
സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ 70.23 ആയിരുന്നു പോളിംഗ്. ഇത്തവണ 62.66 ശതമാനമാണ് പോളിംഗ്. തീപാറുന്ന പോളിംഗ് നടന്ന വട്ടിയൂര്‍ക്കാവില്‍ പ്രത്യക്ഷത്തില്‍ എല്‍ഡിഎഫിന് മേല്‍ക്കൈ പ്രവചിക്കുകയാണ് ഇലക്ഷന്‍ കഴിഞ്ഞതോടെ യുഡിഎഫും ബിജെപിയും. എന്നാല്‍ യുഡിഎഫിന്റെ സുരക്ഷിതകോട്ടകളിലൊന്നായ മണ്ഡലത്തില്‍ വിജയമല്ലാതെ മറിച്ചൊന്നും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നില്ല. പ്രളയകാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിന്റെ മേയര്‍ ബ്രോ ആയി മാറിയ വി കെ പ്രശാന്തിനെ ജനങ്ങള്‍ ഏറ്റെടുക്കുമെന്നാണ് ഇടത് ക്യാമ്പിന്റെ പ്രതീക്ഷ. അതേസമയം കുമ്മനം രാജശേഖരന് പകരം ജില്ലാ അധ്യക്ഷന്‍ എസ് സുരേഷിനെ ഇറക്കിയ ബിജെപി ക്യാമ്പ് അത്ര പ്രതീക്ഷയിലല്ല. മണ്ഡലത്തില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വന്തമാക്കിയ രണ്ടാം സ്ഥാനം നിലനിര്‍ത്താനാവുമോ എന്ന ആശങ്കയും ബിജെപിക്കുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here