എം സി കമറുദീനൊപ്പം യുഡിഎഫിനെ കൈവിടാതെ മഞ്ചേശ്വരം

ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ചുമണ്ഡലങ്ങളില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് ശതമാനം രേഖപ്പെടുത്തിയ മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം സി കമറുദീന് വിജയം. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 7923 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എം സി കമറുദീന്റെ വിജയം. 65407 വോട്ടുകളാണ് നേടാനായത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാര്‍ 57484 വോട്ടുകളും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം ശങ്കര്‍ റൈ 38233 വോട്ടുകളും നേടി.
ത്രികോണ മത്സരം നടന്ന മഞ്ചേശ്വരത്ത് കണക്കുകൂട്ടലുകള്‍ സങ്കീര്‍ണമായിരുന്നു. 75.78 ശതമാനമായിരുന്നു മഞ്ചേശ്വരത്തെ പോളിംഗ്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ .55 ശതമാനത്തിന്റെ മാത്രമാണ് കുറവുണ്ടായത്. യുഡിഎഫ് ഭരിക്കുന്ന വോര്‍ക്കാടി പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് ഉണ്ടായത്. യുഡിഫിന്റെ ശക്തികേന്ദ്രമായ മംഗല്‍പ്പാടിയാണ് പോളിംഗില്‍ ഏറ്റവും പിന്നിലായത് എന്നാല്‍ ഇതൊന്നും ഫലത്തില്‍ പ്രതിഫലിച്ചില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഒന്നാമതെത്തിയ മീഞ്ച, പൈവളിഗെ, എന്‍മഗജെ എന്നീ പഞ്ചായത്തുകളില്‍ ഇത്തവണ മികച്ച പോളിംഗ് രേഖപ്പെടുത്തിയത് യുഡിഎഫ് ക്യാമ്പില്‍ ആശങ്ക ഉയര്‍ത്തിയിരുന്നു. ന്യൂനപക്ഷ വോട്ടില്‍ വിള്ളല്‍ ഉണ്ടായിട്ടില്ലെന്നാണ് യുഡിഎഫിന്റെ വിലയിരുത്തല്‍ ശരിയായി മാറി.
എംഎസ്എഫ് പ്രവര്‍ത്തകനായി രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച എം സി കമറുദീന്‍ പടന്ന എടച്ചാക്കൈയിലെ പരേതനായ എ സി മുഹമ്മദ് കുഞ്ഞി ഹാജിയുടെയും എം സി മറിയുമ്മയുടെയും മകനാണ്. ബിഎ ഹിസ്റ്ററിയാണ് വിദ്യാഭ്യാസ യോഗ്യത. തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജില്‍ പഠിക്കുമ്പോള്‍ സ്റ്റുഡന്റ് എഡിറ്ററായിരുന്നു. പിന്നീട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍, യൂത്ത് ലീഗ് കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. 1995 ല്‍ തൃക്കരിപ്പൂര്‍ ഡിവിഷനില്‍ നിന്ന് വിജയിച്ച് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും കുമ്പളയില്‍ നിന്ന് വിജയിച്ച് ജില്ലാ പഞ്ചായത്ത് അംഗവുമായി. മലബാര്‍ സിമന്റ്‌സ് ഡയറക്ടര്‍, കരകൗശല വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു. എം ബി റംലത്താണ് ഭാര്യ. ഡോ. മുഹമ്മദ് മിദ്‌ലാജ്, മുഹമ്മദ് മിന്‍ഹാജ്, മറിയമ്പി, മിന്‍ഹത്ത് എന്നിവര്‍ മക്കളാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here