‘ഉണ്ടായത് ജയത്തിന് സമാനമായ തോൽവി’ : മനു റോയ്

എറണാകുളത്ത് എൽഡിഎഫ് നേരിട്ടത് ജയത്തിന് സമാനമായ തോൽവിയെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി മനു റോയ്. മണ്ഡലത്തിൽ പാർട്ടിക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായെന്നും അപര സ്ഥാനാർഥി പിടിച്ച വോട്ട് കണക്കിലെടുത്താൽ യുഡിഎഫിന് നേരിയ ഭൂരിപക്ഷം മാത്രമാണ് ലഭിച്ചിരിക്കുന്നതെന്നും വെള്ളക്കെട്ടിൽ പോൾ ചെയ്യാതെ പോയ എൽഡിഎഫ് വോട്ടുകൾ നിർണായകമായെന്നും മനു റോയ് പറഞ്ഞു.
3673 വോട്ടുകൾക്കാണ് എറണാകുളത്ത് ടിജെ വിനോദ് വിജയിച്ചിരിക്കുന്നത്. മഴയും വെള്ളക്കെട്ടും ഉണ്ടായെങ്കിൽ പോലും അതിന്റെ യഥാർത്ഥ കാരണം ജനങ്ങൾ മനസിലാക്കിയത് എറണാകുളത്ത് യുഡിഎഫ് സ്ഥാനാർത്ഥി ടി ജെ വിനോദിനെ വിജയത്തിൽ എത്തിച്ചെന്ന് മേയർ സൗമിനി ജെയിൻ പ്രതികരിച്ചിരുന്നു. ഇത്തരത്തിലുള്ള പ്രകൃതി ക്ഷേഭങ്ങളെയെല്ലാം ആരോപണമാക്കി മാറ്റിയ സന്ദർഭത്തിൽ അതിന്റെ യഥാർത്ഥ കാരണം എന്താണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞുവെന്നും മേയർ പറഞ്ഞു. എറണാകുളം എന്ന പട്ടണത്തിന്റെ വളർച്ചയിൽ യുഡിഎഫിന്റെ കൈയൊപ്പ് എത്രത്തോളമുണ്ടെന്നുള്ളത് ജനങ്ങൾക്ക് അറിയാമെന്നും സൗമിനി ജെയ്ൻ പറഞ്ഞു.
Read Also : ‘കൈയടിച്ച് കുടുംബം’; ടിജെ വിനോദിന്റെ വിജയ പ്രഖ്യാപനത്തിന്റെ ആഹ്ലാദ നിമിഷങ്ങൾ; വീഡിയോ
പോളിംഗ് ദിവസം കൊച്ചിയിലുണ്ടായ വെള്ളക്കെട്ട് കുറച്ചൊന്നുമല്ല കോൺഗ്രസ് ക്യാമ്പിനെ ആശങ്കയിലാഴ്ത്തിയത്. വെള്ളക്കെട്ടുണ്ടായ പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ ടിജെ വിനോദിനെതിരെ ജനരോഷം ഉണ്ടായിരുന്നു. സ്ത്രീകളടക്കം നിരത്തിലറങ്ങി കൊച്ചി ഡെപ്യൂട്ടി മേയർ കൂടിയായ വിനോദിനെ കോളനിയിൽ പ്രവേശിക്കുന്നത് തടഞ്ഞിരുന്നു. കോൺഗ്രസ് ഭരിക്കുന്ന നഗരത്തിൽ ഓടകൾ വൃത്തിയാക്കി വെള്ളം പോകാൻ സുഗമമായ വഴിയൊരുക്കാത്തത് വെള്ളക്കെട്ടിന് കാരണമായി. അതുകൊണ്ട് തന്നെ മണ്ഡലത്തിൽ വോട്ട് ചോർച്ചയുണ്ടാകുമെന്ന് കോൺഗ്രസ് ക്യാമ്പ് ഭയപ്പെട്ടുവെങ്കിലും ഫലം പാർട്ടിക്ക് ആശ്വാസമായി. കനത്ത മഴ പോളിംഗ് ശതമാനത്തെ ബാധിച്ചതുകൊണ്ട് ഭൂരിപക്ഷത്തിൽ ഇടിവ് വന്നിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here