യുഡിഎഫിലെ തമ്മിലടി തിരിച്ചടിയായി; പ്രവർത്തകർക്കെതിരെ നടപടി വേണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

യുഡിഎഫിലെ തമ്മിലടി തിരിച്ചടിയായെന്ന് കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താൻ. ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സിറ്റിംഗ് മണ്ഡലങ്ങളായ കോന്നിയിലും വട്ടിയൂർക്കാവിലും എൽഡിഎഫ് മുന്നേറ്റം തുടരുന്ന പശ്ചാത്തലത്തിലാണ് രാജ്‌മോഹൻ ഉണ്ണിത്താന്റെ പ്രതികരണം. ആരും പാർട്ടിക്കും മുന്നണിക്കും അതീതരല്ലെന്നും അത്തരത്തിൽ പ്രവർത്തിച്ചവർക്കെതിരെ നടപടി വേണമെന്നും ഉണ്ണിത്താൻ പറഞ്ഞു.
പാർട്ടി ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിച്ചാൽ മാത്രമേ വിജയം നേടാൻ സാധിക്കൂ. ചില നേതാക്കൾ കോൺഗ്രസ് പ്രവർത്തകർക്കും ജനങ്ങൾക്കും തെറ്റായ സന്ദേശം നൽകിയെന്നും ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.
വട്ടിയൂർക്കാവിൽ എൽഡിഎഫ് സ്ഥാനാർത്ഥി വി കെ പ്രശാന്താണ് മുന്നിൽ. പ്രശാന്തിന്റെ ഭൂരിപക്ഷം പതിനായിരം കടന്നു. യുഡിഎഫ് സ്ഥാനാർത്ഥി കെ മോഹൻകുമാർ രണ്ടാം സ്ഥാനത്താണ്. കോന്നിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ യു ജനീഷ് കുമാറാണ് മുന്നിട്ട് നിൽക്കുന്നത്. ഇവിടെയും യുഡിഎഫ് സ്ഥാനാർത്ഥി രണ്ടാം സ്ഥാനത്താണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here