അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണൽ അൽപ്പസമയത്തിനകം; ആദ്യ ഫലസൂചന രാവിലെ എട്ടരയോടെ

ഒരുക്കങ്ങളെല്ലാം പൂർണം. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണൽ അൽപ്പസമയത്തിനകം ആരംഭിക്കും. രാവിലെ എട്ട് മണിയോടെ വോട്ടണ്ണൽ ആരംഭിക്കും.എട്ടരയോടെ ആദ്യഫല സൂചനകൾ പുറത്തുവരും. പോളിംഗ് ശതമാനം കുറഞ്ഞതിലെ ആശങ്കയുണ്ടെങ്കിലും മുന്നണികളെല്ലാം ശുഭപ്രതീക്ഷയിലാണ്.
ഉപതെരഞ്ഞെടുപ്പ് നടന്നവട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡങ്ങളിലാണ് വോട്ടെണ്ണൽ. തപാൽ വോട്ടുകളാകും ആദ്യം എണ്ണുക. വോട്ടെണ്ണലിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടീ ക്കാറാം മീണ പറഞ്ഞു. മഞ്ചേശ്വരത്ത് പൈവളികേ നഗർ ഗവ,എച്ച്.എസ്, എറണാകുളത്ത് മഹാരാജാസ് കോളജ്, അരൂരിൽ പള്ളിപ്പുറം എൻ.എസ്.എസ് കോളജ്, കോന്നിയിൽ എലിയറയ്ക്കൽ അമൃത വി.എച്ച്.എസ്.എസ്,, വട്ടിയൂർക്കാവിൽ പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസ് എന്നിവിടങ്ങളിലാണ് വോട്ടെണ്ണൽ.
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ വോട്ടെണ്ണൽ നടക്കുന്ന കേന്ദ്രങ്ങളിലെ അതിസുരക്ഷാ മുറികളിലാണ്.സ്‌ട്രോങ് റൂമുകൾക്ക് കേന്ദ്രസേന പ്രത്യേക സുരക്ഷയും ഒരുക്കിയിട്ടുണ്ട്.
വരണാധികാരിയുടേയും തെരഞ്ഞെടുപ്പ് നിരീക്ഷകന്റെയും സാന്നിധ്യത്തിൽ രാവിലെ എട്ടു മണിയോടെ സ്‌ട്രോങ് റൂമുകൾ തുറക്കും. തുടർന്ന് ആദ്യ റൗണ്ടിൽ എണ്ണാനുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ടേബിളുകളിൽ സജ്ജീകരിക്കും. 14 ടേബിളുകളിലാണ് ഒരു റൗണ്ടിൽ വോട്ടെണ്ണൽ നടക്കുക.ആദ്യ റൗണ്ട് പൂർത്തിയാകുന്നതോടെ അടുത്ത റൗണ്ട് വോട്ടെണ്ണലിനുള്ള യന്ത്രങ്ങളും എത്തിക്കും. അങ്ങനെ 12 റൗണ്ടിൽ വോട്ടെണ്ണൽ പൂർത്തിയാക്കും.
ഓരോ റൗണ്ട് കഴിയുമ്പോഴും സ്ഥാനാർഥികൾക്ക് ലഭിച്ച വോട്ടുകൾ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവുമുണ്ടാകും. ആദ്യ ഫലസൂചന രാവിലെ എട്ടരയോടെയുണ്ടാകുമെന്നാണ് പ്രതീക്ഷ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് യന്ത്രങ്ങളിലെ രസീതുകളും എണ്ണി തിട്ടപ്പെടുത്തും. ഏതൊക്കെ ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകളാകും എണ്ണുകയെന്നതു നറുക്കിട്ടാകും തീരുമാനിക്കുക. വിവിപാറ്റ് സ്ലിപ്പുകൾ എണ്ണിക്കഴിഞ്ഞതിന് ശേഷമായിരിക്കും ഔദ്യോഗിക ഫലപ്രഖ്യാപനം.
അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിന് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ശക്തമായ സുരക്ഷാ സന്നാഹവും സജ്ജമാക്കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here