ഒറ്റപ്പെടലിൽ തളരാതെ പറക്കാനൊരുങ്ങി ആദം ഹാരി

ഒറ്റപ്പെടലിൽ തളരാതെ പറക്കാനൊരുങ്ങുകയാണ് ആദം ഹാരി. പറക്കുക എന്നു വെറുതെ പറഞ്ഞാൽ മതിയാവില്ല. സ്ത്രീയായി പിറന്ന് പുരുഷനായി മാറിയതിനു ശേഷമുള്ള പറക്കൽ.
ആദം ഹാരിയുടെ ലക്ഷ്യം പൂർത്തീകരിക്കുന്നതോടെ ട്രാൻസ്‌മെൻ വിഭാഗത്തിൽപ്പെട്ട ഇന്ത്യയിലെ ആദ്യ കൊമേഴ്‌സ്യൽ പൈലറ്റ് എന്ന അംഗീകാരം ആദം ഹാരിയിലേക്ക് വന്നു ചേരുകയാണ്. ആദത്തിന്റെ സ്വപ്‌നങ്ങൾക്ക് ചിറക് വിരിയിക്കാൻ സംസ്ഥാന സാമൂഹ്യ നീതി വകുപ്പും ഒപ്പമുണ്ട്.
തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട സ്വദേശിയാണ് ആദം ഹാരി. ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗിൽ നിന്ന് പഠനം പൂർത്തിയാക്കി. പ്രൈവറ്റ് പഠനം പൂർത്തിയാക്കുന്നതിനിടയിലാണ് വ്യക്തിത്വം വില്ലനെ പോലെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. സാമ്പത്തിക പ്രതിസന്ധിയും വീട്ടുകാരുടെ നിർബന്ധവും ആദത്തിന്റെ സ്വപ്‌നങ്ങളുടെ ചിറകരിഞ്ഞു. ആൺകുട്ടിയായുള്ള ആദത്തിന്റെ രൂപമാറ്റത്തെ ഉൾക്കൊള്ളാൻ വീട്ടുകാർ തയാറായില്ല. ഒടുവിൽ വീടു വിട്ട് ഇറങ്ങേണ്ടതായി വന്നു.
കൊച്ചിയിൽ താത്ക്കാലിക ജോലികൾ പലതും ചെയ്‌തെങ്കിലും വ്യക്തിത്വം അവിടെയും വെല്ലുവിളിയായി മാറി. ആദമിന്റെ ജീവിതം വാർത്തയായതോടെ ട്രാൻസ് ജെൻഡർ ആക്ടി വിസ്റ്റ് ശീതൾ ശ്യം സഹായത്തിനെത്തി.
ആദമിന്റെ വിദ്യാഭ്യാസ യോഗ്യത മനസിലാക്കിയ സാമൂഹ്യ നീതി വകുപ്പ് ഡയറക്ടറുടെ ഇടപെടൽ തുടർ പഠനത്തിനായുള്ള പണം അനുവദിക്കുന്നതിന് കാരണക്കാരനായി മാറി. 23 ലക്ഷം രൂപ ആദമിന്റെ തുടർ പഠനത്തിനായി അനുവദിച്ചു. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ഏവിയേഷൻ അക്കാഡമി അദമിനെ അംഗീകരിക്കാൻ തയാറായി. ഇനി ഒരു വർഷം നീളുന്ന പരിശീലന കാലയളവാണ്. കുപ്പിവളകളും. കൊലുസും ഉപേക്ഷിച്ച് അവൾ നടന്നത് സ്വന്തം മനസിലേക്കാണ്. ഒരിക്കൽ ഉമ്മ തിരിച്ചു വിളിക്കുമെന്ന് ഉറപ്പോടെ ആദ്യ ട്രാൻസ് മാൻ പൈലറ്റ് എന്ന ചരിത്രത്തിലേക്ക് അടുക്കുകയാണ് ഹാരി ആദം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here