കൊച്ചിക്ക് ഒരു പൊൻതൂവൽ കൂടിയായി; ആഗോള ടൂർ ഗൈഡ് പബ്‌ളിഷറായ ലോൺലി പ്ലാനറ്റിന്റെ അംഗീകാരം

കൊച്ചിക്ക് പുതിയ പൊൻതൂവലായി ആഗോള ടൂർ ഗൈഡ്- പബ്ലിക് ഗൈഡ് പബ്‌ളിഷറായ ലോൺലി പ്ലാനറ്റിന്റെ അംഗീകാരം.
2020ലെ യാത്ര പ്രേമികൾക്ക് തെരഞ്ഞെടുക്കാവുന്ന ലോകത്തിലെ ഏറ്റവും മികച്ച പത്ത് നഗരങ്ങളുടെ ലോൺലി പ്ലാനറ്റ് തയാറാക്കിയ പട്ടികയിൽ നമ്മുടെ സ്വന്തം കൊച്ചിക്ക് ഇടം കിട്ടി. ഏഴാം സ്ഥാനത്താണ് അറബിക്കടലിന്റെ റാണി.
സാൽസ്ബർഗ്(ഓസ്ട്രിയ), വാഷിംഗ്ടൺ ഡിസി (യുഎസ്എ), കയ്‌റോ (ഈജിപ്ത്), ഗാൽവെ (അയർലാൻഡ്), ബോൺ (ജർമനി), ലാ പാസ് (ബൊളീവിയ), വാൻ കവർ (കാനഡ), ദുബായ് (യുഎഇ), ഡെൻവർ (യുഎസ്എ) എന്നിവയാണ് പട്ടികയിൽ ഉള്ള മറ്റ് നഗരങ്ങൾ.
‘ലോകത്തിലെ ആദ്യ സമ്പൂർണ സൗരോർജ വിമാനത്താവളമായി നെടുമ്പാശേരി വിമാനത്താവളത്തെ മാറ്റിയതിലൂടെ പുനരുപയോഗ ഊർജത്തിന്റെ സാധ്യതകൾ ഫലപ്രദമായി വിനിയോഗിക്കാൻ കഴിയുമെന്നതിന് നല്ലൊരു മാതൃകയായി തീർന്നിരിക്കുകയാണ് കൊച്ചി. കൊച്ചി- മുസിരിസ് ബിനാലെ ആഗോള സമകാലിക ആർട്ട് ഫെസ്റ്റിവൽ മാപ്പിൽ തന്നെ ഇന്ത്യയെ അടയാളപ്പെടുത്തി.’ -ലോൺലി പ്ലാനറ്റ് അധികൃതർ പ്രതികരിച്ചു
ലോകമെമ്പാടും നിരവധി യാത്രാ പ്രേമികൾ ആശ്രയിക്കുന്ന ലോൺലി പ്ലാനറ്റ് പട്ടികയിൽ ഇടം നേടാൻ കഴിഞ്ഞത് കൊച്ചിയിലേക്കുള്ള രാജ്യാന്തര വിനോദ സഞ്ചാരികളുടെ ഒഴുക്ക് കൂട്ടുമെന്ന് കൊച്ചിയിലെ ടൂർ ഓപ്പറേറ്റർമാരും ട്രാവൽ ഏജൻസികളും കണക്ക് കൂട്ടുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here