ഒന്നര വർഷം മുൻപ് അച്ഛനെ അടിച്ചുകൊന്നു; ബൈക്ക് മോഷണക്കേസിൽ പിടിയിലായ യുവാവിന്റെ വെളിപ്പെടുത്തൽ

ഒന്നര വർഷം മുൻപ് അച്ഛനെ കൊലപ്പെടുത്തിയെന്ന് യുവാവിന്റെ വെളിപ്പെടുത്തൽ. ബൈക്ക് മോഷണ കേസിൽ പിടിയിലായപ്പോഴാണ് അച്ഛനെ കൊലപ്പെടുത്തിയ വിവരം യുവാവ് വെളിപ്പെടുത്തിയത്. ചാലക്കുടി കൊന്നക്കുഴി സ്വദേശി കുന്നുമ്മൽ ബാലുവാണ് അച്ഛൻ ബാബു തന്റെ അടിയേറ്റാണ് മരിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. മരത്തിൽ നിന്ന് വീണ് പരുക്കേറ്റാണ് ബാബു മരിച്ചതെന്നാണ് ഇതുവരെ കരുതിയിരുന്നത്.
ബൈക്ക് മോഷണക്കേസിൽ ബാലു ഉൾപ്പെടെ മൂന്നുപേരെ ഒക്ടോബർ 22ന് അറസ്റ്റ് ചെയ്തിരുന്നു. ബൈക്ക് മോഷണത്തിന്റെ രീതികളെപ്പറ്റി വിശദമായി ചോദിച്ചറിയുന്നതിനിടെയാണ് അച്ഛനെ കൊലപ്പെടുത്തിയ വിവരം ബാലു വെളിപ്പെടുത്തിയത്. അച്ഛൻ സ്ഥിരം മദ്യപിച്ചെത്തി വഴക്കുണ്ടാക്കുമായിരുന്നുവെന്നും ഇതിൽ സഹികെട്ടാണ് കൊലപാതകം നടത്തിയതെന്നുമാണ് ബാലു അന്വേഷണ സംഘത്തോട് വ്യക്തമാക്കിയത്.
കൊന്നക്കുഴിയിൽ ഒറ്റപ്പെട്ട സ്ഥലത്താണ് ഇവരുടെ വീട്. അമ്മയുടെ ആവശ്യപ്രകാരമാണ് അച്ഛൻ അപകടത്തിലാണ് മരിച്ചതെന്ന് അറിയിച്ചതെന്ന് ബാലു പൊലീസിനോട് പറഞ്ഞു. കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തിൽ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here