മിസോറാം ഗവർണർ സ്ഥാനം രാഷ്ട്രത്തെ സേവിക്കാനുള്ള അവസരം: പിഎസ് ശ്രീധരൻ പിള്ള

മിസോറാം ഗവർണർ സ്ഥാനം രാഷ്ട്രത്തെ സേവിക്കാനുള്ള അവസരമാണെന്ന് നിയുക്ത മിസോറാം ഗവർണർ പിഎസ് ശ്രീധരൻ പിള്ള ട്വന്റിഫോറിനോട് പ്രതികരിച്ചു. പ്രധാന മന്ത്രി കഴിഞ്ഞ ദിവസം സൂചന തന്നിരുന്നതായും ശ്രീധരൻ പിള്ള പറഞ്ഞു. ഭരണഘടനാ പദവിയിലിരുന്ന് കേരളത്തിന് വേണ്ടി ആകുന്നതൊക്കെ ചെയ്യും. മിസോറാം ഗവര്‍ണര്‍ ആകുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീധരൻ പിള്ള.

അതേ സമയം, പിഎസ് ശ്രീധരൻ പിള്ള മിസോറാം ഗവർണർ ആയതോടെ സംസ്ഥാന അധ്യക്ഷനാകാൻ ബിജെപിയിൽ ചരടുവലി തുടങ്ങി. ജനറൽ സെക്രട്ടറിമാരായ കെ സുരേന്ദ്രനും എംടി രമേശുമാണ് പരിഗണനാപ്പട്ടികയിൽ മുന്നിൽ. പുനഃസംഘടനക്ക് ഒരു മാസം മാത്രം ബാക്കി നിൽക്കെയാണ് ശ്രീധരൻപിള്ളയെ തേടി ഗവർണർ പദവിയെത്തിയത്.

Read Also: മാണിയുടെ ജ്യേഷ്ഠന്റെ മകനടക്കം ബിജെപിയിലെത്തുമെന്നും പാലായിലെ വിജയം സുനിശ്ചിതമെന്നും ശ്രീധരൻപിള്ള

ഉപതിരഞ്ഞെടുപ്പു നടന്ന അഞ്ചിൽ നാലിടത്തും ദയനീയ പ്രകടനം കാഴ്ച വെച്ചതോടെയാണ് ശ്രീധരൻപിള്ളയെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തു നിന്നു മാറ്റണമെന്ന മുറവിളി ശക്തമായത്. ശബരിമല പ്രശ്നം അനുകൂലമാക്കാൻ കഴിയാത്തതിന്റെ പഴിയും അദ്ദേഹത്തിനുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മിസോറാം ഗവർണറെന്ന ചുമതല ശ്രീധരൻപിള്ളയെ തേടിയെത്തിയത്.

മാത്രമല്ല, അടുത്തമാസം നടക്കുന്ന പുനഃസംഘടനയോടെ പുതിയ അധ്യക്ഷനെത്തുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. കേന്ദ്രമന്ത്രി വി മുരളീധരന്റെ പിന്തുണയാണ് പുതിയ അധ്യക്ഷനാകാൻ കെ സുരേന്ദ്രനുള്ള അനുകൂല ഘടകം.

കുമ്മനം രാജശേഖരൻ മാറിയപ്പോഴും സുരേന്ദ്രന്റെ പേരാണ് പരിഗണിച്ചിരുന്നതെങ്കിലും ഗ്രൂപ്പുപോരിൽ ശ്രീധരൻപിള്ളക്ക് നറുക്ക് വീഴുകയായിരുന്നു. അതേസമയം എം.ടി.രമേശിനെ അധ്യക്ഷനാക്കുന്നതിനോടാണ് ആർഎസ്എസിന് താൽപര്യമെന്ന് ഒപ്പമുള്ളവർ അവകാശപ്പെടുന്നു.

തർക്കം മൂത്താൽ ഇരുപക്ഷത്തുമല്ലാത്തെ ആരെയെങ്കിലും ചുമതലയേൽപ്പിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. കുമ്മനത്തെ തന്നെ വീണ്ടും അധ്യക്ഷനാക്കി തർക്കങ്ങൾ പരിഹരിക്കുകയെന്ന ഫോർമുലയും പരിഗണിക്കപ്പെട്ടേക്കാം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top