ബിജെപിയെ ആര് നയിക്കും?; കെ സുരേന്ദ്രനും എം ടി രമേശും പരിഗണനാപ്പട്ടികയിൽ

പി എസ് ശ്രീധരൻപിള്ള മിസോറാം ഗവർണറായതോടെ ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് ആര് വരുമെന്ന ചോദ്യമാണ് ഉയർന്നിരിക്കുന്നത്. ജനറൽ സെക്രട്ടറിമാരായ കെ സുരേന്ദ്രനും എം ടി രമേശുമാണ് പരിഗണനാപ്പട്ടികയിൽ മുന്നിലുള്ളത്. മുൻ അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ പേര് വീണ്ടും പരിഗണിക്കുന്നതായും വിവരമുണ്ട്.
കേന്ദ്രമന്ത്രി വി മുരളീധരന്റെ പിന്തുണയാണ് പുതിയ അധ്യക്ഷനാകാൻ കെ സുരേന്ദ്രനുള്ള അനുകൂല ഘടകം. കുമ്മനം രാജശേഖരൻ മാറിയപ്പോഴും സുരേന്ദ്രന്റെ പേരാണ് പരിഗണിച്ചിരുന്നതെങ്കിലും ഗ്രൂപ്പുപോരിൽ ശ്രീധരൻപിള്ളക്ക് നറുക്ക് വീഴുകയായിരുന്നു. അതേസമയം എം ടി രമേശിനെ അധ്യക്ഷനാക്കുന്നതിനോടാണ് ആർഎസ്എസിന് താൽപര്യമെന്ന് ഒപ്പമുള്ളവർ അവകാശപ്പെടുന്നു. തർക്കം മുറുകിയാൽ ഇരുപക്ഷത്തുമല്ലാത്തെ ആരെയെങ്കിലും ചുമതലയേൽപ്പിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
ഉപ തെരഞ്ഞെടുപ്പ് നടന്ന അഞ്ചിൽ നാലിടത്തും ദയനീയ പ്രകടനം കാഴ്ചവച്ചതോടെയാണ് ശ്രീധരൻപിള്ളയെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റണമെന്ന മുറവിളി ശക്തമായത്. ശബരിമല പ്രശ്‌നം അനുകൂലമാക്കാൻ കഴിയാത്തതിന്റെ പഴിയും അദ്ദേഹത്തിനുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മിസോറാം ഗവർണറെന്ന ചുമതല ശ്രീധരൻപിള്ളയെ തേടിയെത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here