സ്വയം പൊട്ടിത്തെറിച്ചു; ഐഎസ് തലവന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. സിറിയയില്‍ യുഎസ് നടത്തിയ സൈനിക നീക്കത്തിനിടെയാണ് ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
സൈനിക നീക്കത്തിനിടെ ബാഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ബാഗ്ദാദിയുടെ മൂന്നു മക്കളും ഇതോടൊപ്പം മരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തോടൊപ്പം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളുടെ മരണം. ചിതറിത്തെറിച്ച ബാഗ്ദാദിയുടെ മൃതദേഹം ഡിഎന്‍എ പരിശോധനയ്ക്കു വിധേയമാക്കിയാണ് മരണം സ്ഥിരീകരിച്ചത്.
അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രമുഖ വാര്‍ത്താ മാധ്യമമായ ന്യൂസ് വീക്കാണ് ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി കൊല്ലപ്പെട്ടെന്ന വാര്‍ത്ത ആദ്യം പുറത്തുവിട്ടത്.
ബാഗ്ദാദി ഒളിച്ചു താമസിച്ച കെട്ടിടത്തിലേക്ക് സൈന്യം കടന്നതോടെ നേരിയ ഏറ്റുമുട്ടലുണ്ടായി. പരാജയം ഉറപ്പായതോടെ ചാവേറായി അബൂബക്കര്‍ ബാഗ്ദാദി പൊട്ടിത്തെറിച്ചെന്നും ന്യൂസ് വീക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വലിയൊരു സംഭവം നടന്നതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ഇത് ബാഗ്ദാദിയുമായി ബന്ധപ്പെട്ട വാര്‍ത്തയുടെ സൂചനയാണെന്നായിരുന്നു വിലയിരുത്തല്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here