Advertisement

ഗുരുവായൂരില്‍ വന്‍ സാമ്പത്തിക തട്ടിപ്പ്; പ്രതി ഓടിരക്ഷപ്പെട്ടു; കൂട്ടുപ്രതിയായ അമ്മ പൊലീസ് പിടിയില്‍

October 27, 2019
Google News 0 minutes Read

ഐപിഎസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ഗുരുവായൂരില്‍ ബാങ്കുകളില്‍ തട്ടിപ്പ് നടത്തിയ സംഘത്തില്‍ ഒരാള്‍ പൊലീസ് പിടിയില്‍. തലശേരി തിരുവങ്ങാട് വേണുഗോപാലിന്റെ ഭാര്യ ശ്യാമള വേണുഗോപാലാണ് പിടിയിലായത്. ഒന്നാം പ്രതിയും ഇവരുടെ മകനുമായ വിപിന്‍ കാര്‍ത്തിക് വേണുഗോപാല്‍ ഓടി രക്ഷപ്പെട്ടു. ഗുരുവായൂര്‍ ടെമ്പിള്‍ സിഐ പ്രേമാനന്ദ കൃഷ്ണന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

വിപിന്‍ കാര്‍ത്തിക് വേണുഗോപാലും അമ്മ ശ്യാമളയും ചേര്‍ന്നാണ് തട്ടിപ്പുകള്‍ നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ലോക്കല്‍ ഓഡിറ്റ് ഫണ്ടില്‍ പ്യൂണ്‍ ആയിരുന്നു ശ്യാമള. ഇവിടെ ക്രമക്കേട് നടത്തിയതിനെ തുടര്‍ന്ന് പിരിച്ചുവിടുകയായിരുന്നു. ഇതോടെയാണ് മകനൊപ്പം ചേര്‍ന്ന് തട്ടിപ്പ് ആരംഭിച്ചത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. ഐപിഎസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ഒരാള്‍ തട്ടിപ്പ് നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിപിന്‍ വിവിധ ബാങ്കുകളില്‍ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. ഇതോടെ പൊലീസ് സ്വമേധയാ കേസ് എടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

ബാങ്കുകളില്‍ നിന്ന് ലോണ്‍ എടുത്ത് കാര്‍ വാങ്ങുകയും ഇത് മറിച്ചുവിറ്റ് തട്ടിപ്പ് നടത്തുകയുമായിരുന്നു പതിവ്. എസ്ബിഐ, സിന്‍ഡിക്കേറ്റ് ബാങ്കുകളില്‍ നിന്ന് രണ്ട് കാറുകളും പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് മൂന്നും കാറും ലോണ്‍ എടുത്ത് വാങ്ങി മറിച്ച് വിറ്റ് തട്ടിപ്പ് നടത്തിയിട്ടുള്ളതായി അന്വേഷണത്തില്‍ വ്യക്തമായി.

കാറുകള്‍ വാങ്ങി രണ്ടു മാസത്തിനുള്ളില്‍ ലോണ്‍ അടച്ചുതീര്‍ത്തുവെന്ന് വ്യാജ സ്റ്റേറ്റ്‌മെന്റ് ഉണ്ടാക്കി കാര്‍ മറിച്ചുവില്‍ക്കുകയായിരുന്നു ഇവരുടെ രീതി. പൊലീസ് അന്വേഷണം ആരംഭിക്കുന്നതായി കണ്ടാല്‍ മറ്റു ജില്ലകളിലേക്ക് രക്ഷപ്പെട്ട് അവിടെ പുതിയ അഡ്രസും ആധാര്‍ കാര്‍ഡും സംഘടിപ്പിച്ച് തട്ടിപ്പ് നടത്തുകയായിരുന്നു രീതി. നിലവില്‍ വിവിധ സ്റ്റേഷനുകളിലായി 15 ഓളം കേസുകള്‍ ഇവര്‍ക്കെതിരെയുണ്ട്.

കാര്‍ ലോണ്‍ എടുക്കുന്നതിനായി ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകള്‍ പോലും വ്യാജമായി ഇവര്‍ ഉണ്ടാക്കിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതോടൊപ്പം ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലെ മാനേജരുടെ 97 പവന്‍ സ്വര്‍ണവും 30 ലക്ഷത്തോളം രൂപയും തട്ടിയെടുത്തെന്ന പരാതിയും ഇവര്‍ക്കെതിരെയുണ്ട്. സംഭവത്തില്‍ ശ്യാമള വേണുഗോപാലിന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here